കേരളത്തിലെ ആദ്യ ഇ-ഓട്ടോ സര്‍വീസിന് തുടക്കമായി. മന്ത്രിമാരായ ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ആദ്യ യാത്രികരായി.
പൊതുമേഖലാ സ്ഥാപനമായ കെഎഎല്‍ നിര്‍മിച്ച് പുറത്തിറക്കിയ നീംജി എന്ന ഇലക്ട്രിക്ക് ഓട്ടോറിക്ഷയാണ് തിരുവനന്തപുരം നഗരത്തില്‍ ഇന്നു മുതല്‍ സര്‍വീസ് തുടങ്ങിയത്. ഉദ്ഘാടനത്തിന് ശേഷം എംഎല്‍എ ഹോസ്റ്റലില്‍ നിന്നും നിയമസഭയിലേക്ക് 15 എംഎല്‍എമാരെയും കൂട്ടി സര്‍വീസ് ആരംഭിച്ച അഞ്ച് ഓട്ടോറിക്ഷകളുടെ ഫ്ലാഗ് ഓഫ് സ്പീക്കര്‍ നിര്‍വഹിച്ചു.
ഇ-ഓട്ടോയില്‍ ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും. 60 വാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 3.45 മണിക്കൂര്‍ നേരം കൊണ്ട് ബാറ്ററി പൂര്‍ണ ചാര്‍ജാകും. കിലോ മീറ്ററിന് 50 പൈസ മാത്രമാണ് യാത്രാ ചെലവ് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 2.80 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. 30,000 രൂപ സര്‍ക്കാരിന്റെ സബ്സിഡിയുണ്ട്. ഡ്രൈവറെ കൂടാതെ മൂന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും.
വാണിജ്യ അടിസ്ഥാനത്തില്‍ ജൂലൈയിലാണ് ഇ-ഓട്ടോ നിര്‍മാണം ആരംഭിച്ചത്. 1.50 ലക്ഷം ഓട്ടോകള്‍ നിരത്തിലിറക്കാനുള്ള നടപടികളാണ് കെഎഎല്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു മാസത്തിനകം ഇത് പൂര്‍ത്തിയാക്കുമെന്നാണ് കെഎഎല്‍ വ്യക്തമാക്കുന്നത്.