വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വായുമലിനീകരണം മൂലം അവരുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
വായുമലിനീകരണ വിഷയത്തില്‍ ഒരു ന്യായവും കേള്‍ക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിലെ അംഗങ്ങളാണ് ഈ പരാമര്‍ശം നടത്തിയത്.
വീടിനുള്ളില്‍ പോലും ആരും സുരക്ഷിതരല്ല, ഇത് ദാരുണമാണ്. ഒരു പരിഷ്‌കൃത രാജ്യത്ത് ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്? സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നുമില്ല ബെഞ്ച് അംഗം ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. എല്ലാവര്‍ഷവും ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത് ദൗര്‍ഭാഗ്യകരമാണ്. മലിനീകരണം തടയുന്നില്‍ അധികാരികള്‍ പരാജയപ്പെട്ടു. അവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം. ഇത് നിര്‍ത്തലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും സാധ്യമായ മുഴുവന്‍ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.