ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഗ്രനേഡ് ആക്രമണം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. വഴിയോരക്കച്ചവടക്കാരെയാണ് അക്രമികള്‍ ലക്ഷ്യം വച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കശ്മീരിലെ നിയന്ത്രണങ്ങളെ തുടര്‍ന്ന് കച്ചവടസ്ഥാപനങ്ങള്‍ പലതും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
ഒരാഴ്ച മുമ്പ് വടക്കന്‍ കശ്മീരിലെ സോപോര്‍ നഗരത്തിലും ആക്രമണം നടന്നിരുന്നു. ആ സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 26 ല്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ആറ് സുരക്ഷാസൈനികര്‍ക്ക് പരിക്കേറ്റു. സുരക്ഷാസന്നാഹങ്ങളുടെ ഭാഗമായി തെരച്ചില്‍ നടത്തിയ സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെയായിരുന്നു അന്നത്തെ ആക്രമണം.
കശ്മീരിന് പ്രത്യേക സംസ്ഥാനപദവി നല്‍കുന്ന അനുച്ഛേദം 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍, സംസ്ഥാനമൊട്ടാകെ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ഗ്രനേഡ് ആക്രമമുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച സോപോറില്‍ നടന്ന സ്ഫോടനത്തില്‍ പതിനഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.