Thursday, April 25, 2024
HomeNationalബുള്ളറ്റ് ട്രെയിൻ പദ്ധതി വേണ്ടാത്തവർ കാളവണ്ടിയിൽ പോകട്ടെ : മോദി

ബുള്ളറ്റ് ട്രെയിൻ പദ്ധതി വേണ്ടാത്തവർ കാളവണ്ടിയിൽ പോകട്ടെ : മോദി

1.1 ലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാളവണ്ടി ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവരുണ്ട്. വിമർശകർ കാളവണ്ടിയിൽ സഞ്ചരിക്കട്ടെ. ആരും തടയില്ല. ബുള്ളറ്റ് ട്രെയിൻ തുടങ്ങാൻ കോൺഗ്രസിന് ആദ്യം പദ്ധതിയുണ്ടായിരുന്നു. എന്നാൽ യാഥാർഥ്യമാക്കുന്നതിൽ പരാജയപ്പെട്ടു. അതാണ് അവരെതിർക്കുന്നത്’– മോദി പറഞ്ഞു. യുപിഎ ഭരണകാലത്ത് ആഗ്രഹിച്ചിരുന്നെങ്കിലും അവർക്ക് പദ്ധതി തുടങ്ങാനായില്ല. എൻഡിഎ സർക്കാർ താരതമ്യേന നിസ്സാരമായ തുകയ്ക്കാണ് ബുള്ളറ്റ് ട്രെയിൻ നടപ്പാക്കുന്നത്. ഇത് കോൺഗ്രസിന് ഇഷ്ടപ്പെട്ടില്ല. ഒരു നേട്ടവും സ്വന്തമില്ലാതിരിക്കെ, മറ്റുള്ളവർ ചെയ്യുന്നതു കണ്ട് വേദനിക്കുന്നത് എന്തിനാണ്? എന്റെ ഒരേയൊരു സങ്കടമാണിതെന്നും മോദി കൂട്ടിച്ചേർത്തു. ബുള്ളറ്റ് ട്രെയിന്റെ പ്രാധാന്യത്തെക്കുറിച്ചും മോദി ഊന്നിപ്പറഞ്ഞു. പദ്ധതിക്കു വേണ്ടിവരുന്ന സിമന്റ്, ഇരുമ്പ്, ജോലിക്കാർ എന്നിവർ എവിടനിന്നാണ് വരുന്നത്. അതെല്ലാം ഇന്ത്യയിൽ നിന്നല്ലേ? ഗുജറാത്തിലെ ബറൂച്ചിൽ മാത്രം വലിയ തൊഴിലവസരം തുറക്കപ്പെടും. ഇത് വലിയ കാര്യമല്ലേയെന്നും മോദി ചോദിച്ചു. നെഹ്റു–ഗാന്ധി കുടുംബത്തെ അദ്ദേഹം വിമർശിച്ചു. ഗുജറാത്തികളാണെന്ന് പറയുമ്പോഴും ഇവർ ഗുജറാത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭാവ്നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തുസർവീസ് (റോ റോ– റോൾ ഓൺ, റോൾ ഓഫ്) കോൺഗ്രസിന്റെ ചിന്തയിൽ പോലുമുണ്ടായിരുന്നില്ല. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കടത്താണിത്. ഗോഗയില്‍നിന്നു ദഹേജിലേക്കുള്ള റോഡ് ദൂരം 360 കിലോമീറ്ററാണ്. റോ റോ യാഥാര്‍ഥ്യമാകുന്നതോടെ കടലിലൂടെ ദൂരം 30 കിലോമീറ്ററായി കുറയും; യാത്രാസമയം ഒരു മണിക്കൂറായും. എന്നാൽ, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും ജനങ്ങൾക്കിടയിലും വിഭജനമുണ്ടാക്കുകയാണ് കോൺഗ്രസ് ഇക്കാലത്തിനിടെ ചെയ്തത്. കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നതോടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. താൻ മുഖ്യമന്ത്രിയായിരിക്കേ അവർ ഉപദ്രവിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. മുസ്‍ലിം ഭൂരിപക്ഷ ജില്ലകളായ കച്ചിലും ബറൂച്ചിലുമാണ് ബിജെപി ഭരണകാലത്ത് ഏറ്റവുമധികം വികസനമുണ്ടായത്. സർദാർ വല്ലഭായ് പട്ടേലിന്റെ കൂറ്റൻ പ്രതിമ അനാവരണം ചെയ്യുന്നതോടെ പ്രദേശത്തിന്റെ വികസനം കുതിക്കും. വിദേശികളെ കൂടുതലായി ആകർഷിക്കാനാകും. ഗുജറാത്ത് തീരത്ത് 1300 ചെറുദ്വീപുകൾ വികസിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ പലതും സിങ്കപ്പൂരിനേക്കാൾ വലുതായിരിക്കും. ഗുജറാത്തിന്റെ നല്ല ഭാവിക്കായി എല്ലാവരും ബിജെപിക്ക് വോട്ടു ചെയ്യണമെന്നും മോദി പറഞ്ഞു. വൽസാദ് ജില്ലയിലെ ധർമാപുർ, സൗരാഷ്ട്രയിലെ ഭാവ്നഗർ, ജുനാഗഡ്, ജംമ്നാനഗർ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മോദിയുടെ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നിലവില്‍ വന്നാല്‍ രാജ്യത്തെ ഏറ്റവും അതിവേഗ റെയില്‍വേ പാതയാകും ബുള്ളറ്റ് ട്രെയിന്‍ പാത. അതേസമയം നിലവിലെ റെയില്‍വേ സംവിധാനങ്ങള്‍ പരിഷ്‌കരിച്ച ശേഷം ബുള്ളറ്റ് ട്രെയിന്‍ നിര്‍മിച്ചാല്‍ മതിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയല്ല സംരഭമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ ഘടകകക്ഷിയായ ശിവസേനയും രംഗത്ത് വന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments