സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാധ്യമ അവാര്‍ഡുകള്‍

56- മത്  സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമ അവാര്‍ഡുകള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വിതരണം ചെയ്തു. സമഗ്ര കവറേജിനുളള അവാര്‍ഡ് മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങള്‍ക്കും, പ്രത്യേക പരാമര്‍ശം മാധ്യമം, കേരള കൗമുദി, ദിനപത്രങ്ങള്‍ക്കും ലഭിച്ചു. മികച്ച കാര്‍ട്ടൂണിസ്റ്റിനുളള അവാര്‍ഡ് കേരള കൗമുദി ദിനപത്രത്തിലെ ടി.കെ. സുജിത്തും പ്രത്യേക പരാമര്‍ശം മാതൃഭൂമിയിലെ സി. രജീന്ദ്രകുമാറും ഏറ്റുവാങ്ങി. മികച്ച റിപ്പോര്‍ട്ടറിനുളള അവാര്‍ഡ് മംഗളം ദിനപത്രത്തിലെ വിനു ശ്രീലകവും പ്രത്യേക പരാമര്‍ശം ദേശാഭിമാനി ദിനപത്രത്തിലെ ജസ്‌ന ജയരാജും അര്‍ഹരായി. മികച്ച ഫോട്ടോഗ്രാഫര്‍ക്കുളള അവാര്‍ഡ് ദേശാഭിമാനി ദിനപത്രത്തിലെ മനു വിശ്വനാഥ് ഏറ്റുവാങ്ങി. മികച്ച കവറേജിനുളള ദൃശ്യമാധ്യമ അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിനും, മികച്ച റിപ്പോര്‍ട്ടര്‍ക്കുളള അവാര്‍ഡ് റിപ്പോര്‍ട്ടര്‍ ചാനലിനും ലഭിച്ചു. മികച്ച ക്യാമറാമാനുളള അവാര്‍ഡിന് മാതൃഭൂമി ന്യൂസിലെ ഷമീര്‍ മച്ചിഗന്‍ അര്‍ഹനായി. ശ്രാവ്യ മാധ്യമത്തിലെ മികച്ച കവറേജിനുളള അവാര്‍ഡ് ആകാശവാണി തിരുവനന്തപുരവും 93.5 റെഡ് എഫ്.എമ്മും അര്‍ഹരായി.94.3 ക്ലബ് എഫ്.എമ്മും റേഡിയോ മാംഗോയും പ്രത്യേക പരാമര്‍ശം നേടി. ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവ മാധ്യമ അവാര്‍ഡുകള്‍ മാര്‍ച്ചില്‍ വിതരണം ചെയ്യുമെന്ന് ചടങ്ങില്‍ മന്ത്രി അറിയിച്ചു. വ്യക്തികള്‍ക്കുളള അവാര്‍ഡ് തുക ഈ വര്‍ഷം മുതല്‍ പതിനായിരത്തില്‍ നിന്നും ഇതുപതിനായിരം രൂപയായും സ്ഥാപനങ്ങള്‍ക്ക് പതിനയ്യായിരത്തില്‍ നിന്നും ഇരുപത്തയ്യായിരം രൂപയായും ഉയര്‍ത്തും. ഈ വര്‍ഷം മുതല്‍ പത്രമാധ്യമങ്ങളുടെ പേജ് രൂപകല്പനയ്ക്ക് പ്രത്യേക അവാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജെസി ജോസഫ്, പ്രസംഗിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ സ്വാഗതവും, ഹയര്‍സെക്കന്ററി ജോയിന്റ് ഡയറക്ടര്‍ ഡോ. പി.പി. പ്രകാശന്‍ നന്ദിയും പറഞ്ഞു.