Monday, July 15, 2024
HomeKeralaസമ്പൂര്‍ണ ഭവന നിര്‍മാണ ദൗത്യം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കും: മുഖ്യമന്ത്രി

സമ്പൂര്‍ണ ഭവന നിര്‍മാണ ദൗത്യം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കും: മുഖ്യമന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച ബാധിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍ എന്നീ ഗണത്തില്‍പ്പെട്ട ഭവനരഹിതരായവര്‍ക്ക് മുന്‍ഗണന നല്‍കി സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി (ലൈഫ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചു നല്‍കുന്നതാണു ലൈഫ് പദ്ധതി. ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്കും പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താത്കാലിക ഭവനമുള്ളവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. തദ്ദേശ ഭരണ സ്ഥാപന പരിധിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന സര്‍വേ നടത്തി വാര്‍ഡ് അടിസ്ഥാനത്തില്‍ തരംതിരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. അര്‍ഹതയുള്ള എല്ലാവര്‍ക്കും വീട് ലഭ്യമാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ നാലു ലക്ഷത്തി മുപ്പത്തിരണ്ടായിരം വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിന് 16,700 കോടി രൂപ ആവശ്യമായിവരും. ഇതില്‍ എണ്ണായിരം കോടി രൂപ അഞ്ചുവര്‍ഷം കൊണ്ട് സമാഹരിക്കാവുന്നതാണ്. അധികമായി വരുന്ന 8,700 കോടി രൂപ മിഷന്‍ കണ്ടെത്തേണ്ടിവരും. പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ വിസ്തീര്‍ണം അറുനൂറ് സ്‌ക്വയര്‍ഫീറ്റില്‍ അധികരിക്കരുത്. പൊതു വിഭാഗക്കാര്‍ക്ക് മൂന്നുലക്ഷം രൂപയും പട്ടികജാതിക്കാര്‍ക്ക് മൂന്നര ലക്ഷം രൂപയുമാണ് നിലവില്‍ ധനസഹായത്തുക. പട്ടികവര്‍ഗക്കാര്‍ക്ക് ജില്ലാ സമിതി അനുയോജ്യമായ നിരക്ക് നിശ്ചയിക്കും. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അനുവദിച്ചുവരുന്ന തുക നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അപര്യാപ്തമാണെന്നും ഈ തുക കാലാനുസൃതമായി ഉയര്‍ത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഭൂരഹിത ഭവനരഹിതരായ 1.58 ലക്ഷം പേരാണുള്ളത്. ആകാവുന്നത്ര കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിക്കും. ആദ്യഘട്ടത്തില്‍ ആറു സ്ഥലങ്ങളില്‍ അറുനൂറുപേര്‍ക്ക് ഭവനസമുച്ചയം നിര്‍മിച്ചു നല്‍കും. പാര്‍പ്പിട സമുച്ചയത്തിലേക്ക് മാറ്റുന്നവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്കെങ്കിലും മികച്ച വരുമാനം ലഭ്യമാകുന്ന തൊഴില്‍ ഉറപ്പാക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും വിനോദത്തിനും ആരോഗ്യ പരിപാലനത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഈ സമുച്ചയങ്ങള്‍ക്കു സമീപം ഉറപ്പാക്കും. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്താനുള്ള ചുമതല അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ഫെബ്രുവരി പതിനഞ്ചിനകം ഇതു സംബന്ധമായ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. പട്ടികജാതി പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments