ആക്രമണത്തെ തുടർന്ന് പള്ളിയില്‍ അഭയം തേടിയവർ ഇന്നു വീടുകളിലേക്ക്

carol attacked

കോട്ടയം പാത്താമുട്ടത്ത് ആക്രമണത്തെ തുടർന്ന് പള്ളിയില്‍ അഭയം തേടിയവർ ഇന്നു വീടുകളിലേക്ക് മടങ്ങും. അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിൽ തീരുമാനമായി. പ്രദേശത്തു സംഘർഷാവസ്ഥയും പ്രകോപനങ്ങളും ഒഴിവാക്കാൻ പൊലീസ് പിക്കറ്റിങ്ങും ഏർപ്പെടുത്തും. കൃത്യമായ ഇടവേളകളിൽ പൊലീസ് സംഘത്തിന്റെ പട്രോളിങ്ങും നടക്കും. ഡിസംബർ 23നു രാത്രിയാണു പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ കാരൾ സംഘത്തെ പ്രദേശത്തെ യുവാക്കൾ അടങ്ങിയ സംഘം ആക്രമിച്ചത്. സംഭവത്തിൽ 7 പേരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും ഇവർ ജാമ്യത്തിലിറങ്ങി അക്രമം തുടരുന്നെന്നായിരുന്നു പള്ളി അധികൃതരുടെ പരാതി. പ്രശ്ന പരിഹാരം നീണ്ടതോടെയാണു ജില്ലാ ഭരണകൂടം ഇടപെട്ടത്. പള്ളിയിൽ കഴിയുന്നവരെ സന്ദർശിച്ച ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ആളുകളിൽ നിന്ന് വിവരങ്ങൾ ചോദിച്ചിരുന്നു.