ജന്മദിനത്തിൽ കളര്‍ വസ്ത്രം ധരിച്ച് കുട്ടികള്‍ക്ക് ഇനി സ്‌കൂളിലെത്താം. പിറന്നാള്‍ ദിനത്തില്‍ കളര്‍ വസ്ത്രം ധരിച്ച് വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജെസ്സി ജോസഫ് ഉത്തരവിറക്കി. കാതറിന്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു. ജന്മദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് കാതറിന്റെ പരാതി. ഇതേത്തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയിരിക്കുന്നത്.