Saturday, April 20, 2024
HomeKeralaസിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് സംഘടന രൂപീകരിച്ചു

സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് സംഘടന രൂപീകരിച്ചു

മലയാള സിനിമയില്‍ പുതിയ ഒരു സംഘടന കൂടി നിലവില്‍ വന്നു. പിന്നണി ഗായകരാണ് പുതിയ സംഘടനയ്ക്ക് പിന്നില്‍. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്. കൊച്ചിയില്‍ സംഘടനയുടെ രൂപീകരണം നടന്നു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം സംഘടനയില്‍ അണിനിരക്കുന്നുണ്ട്. ‘സമ’ത്തിന്റെ ലോഗൊ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യേശുദാസ് നിര്‍വ്വഹിച്ചു. സമത്തില്‍ പാടി മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് യേശുദാസ് പറഞ്ഞു. പിന്നണി ഗാന രംഗത്തെത്തുകയും പിന്നീട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നവരെ സഹായിക്കലാണ് സംഘടനയുടെ പ്രധാന ഉദ്ദേശം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടന ലക്ഷ്യമിടുന്നുണ്ട്. എംജി ശ്രീകുമാര്‍, സുജാത, ബിജു നാരായണന്‍, ഉണ്ണി മേനോന്‍, കാവാലം ശ്രീകുമാര്‍, കൃഷ്ണ ചന്ദ്രന്‍ തുടങ്ങി നിരവധി ഗായകര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയിലെ പിന്നണി ഗായകരായ 75 പേരാണ് നിലവില്‍ സംഘടനയിലെ അംഗങ്ങള്‍. അഞ്ച് സിനിമയിലെങ്കിലും പാടിയിരിക്കണം എന്നതാണ് സംഘടനയില്‍ അംഗമാകാനുള്ള മാനദണ്ഡം. മുതിര്‍ന്ന ഗായകരുടെ നേതൃത്വത്തിലുള്ള ചീഫ് ഗവേണിംഗ് ബോഡിയാണ് സംഘടനയെ നിയന്ത്രിക്കുക. ഇതിനു പുറമെ കെ സുധീപ് കുമാര്‍ പ്രസിഡന്റായ 23 അംഗ എക്‌സിക്യൂട്ടീവ് വര്‍ക്കിംഗ് കമ്മിറ്റി സംഘടനയുടെ ദൈനം ദിന കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments