യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാന

ഫ്രാന്‍സിസ് മാര്‍പാപ്പ

യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാനയുടെ പ്രാര്‍ഥനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ യുഎഇ സമയം രാവിലെ 10.30നാണ‌് കുര്‍ബാന ആരംഭിച്ചത്. 1.35 ലക്ഷം വിശ്വാസികളാണ‌് യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങില്‍ പങ്കെടുത്തത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവര്‍ പങ്കെടുത്തു. 120 പേരടങ്ങുന്ന ഗായക സംഘമാണു പ്രാര്‍ഥനാഗീതം ആലപിച്ചത്. കൈകൊണ്ടുനിര്‍മിച്ച പിയാനോ ഇതിനായി ഇംഗ്ലണ്ടില്‍നിന്നാണ് കൊണ്ടുവന്നത്. തിങ്കളാഴ്ച യുഎഇയില്‍ എത്തിയ മാര്‍പാപ്പയ‌്ക്ക് പകല്‍ 12ഓടെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വന്‍ വരവേല്‍പ്പ‌ാണ‌് നല്‍കിയത‌്. സഹകരണം വര്‍ധിപ്പിക്കാനും സംവാദം, സഹിഷ്ണുത, മാനവ സഹവര്‍ത്തിത്വം എന്നിവ ശക്തിപ്പെടുത്താനും സമാധാനം, സുസ്ഥിരത, വികസനം എന്നിവ നേടാനുമുള്ള നടപടികള്‍ പോപ്പുമായി ചര്‍ച്ച ചെയ‌്തു.
തുടര്‍ന്ന‌് മഹിമയുടെ ഗ്രന്ഥത്തില്‍ അദ്ദേഹം ഒപ്പുവയ‌്ക്കുകയും 1219ല്‍ അസീസിയായിലെ സെയ്ന്റ് ഫ്രാന്‍സിസും സുല്‍ത്താന്‍ മാലെക് കമാലുമായുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയുടെ മഹാമുദ്ര കിരീടാവകാശിക്ക് സമ്മാനിക്കുകയും ചെയ്തു. വൈകിട്ട് അഞ്ചിന് പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച പോപ്പ‌് മുസ്‌ലിം എല്‍ഡേഴ്‌സ് കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി.