മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ കീഴടങ്ങിയ രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് മാലൂര്‍ പൊലീസില്‍ കീഴടങ്ങിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊന്ന കേസിലെ പ്രതികളായ ഇവരാണ് മുഖ്യപ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. ഫെബ്രുവരി 12 ന് രാത്രിയാണ് ഷുഹൈബിനെ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞതിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, അറസ്റ്റിലായ പ്രതികള്‍ക്ക് കേസുമായി ബന്ധമില്ലെന്നും പൊലീസിന്റെ ശല്യം സഹിക്കാതെയാണ് കീഴടങ്ങിയതെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നും സി.പി.എം ഏര്‍പ്പാടാക്കിയ ഡമ്മി പ്രതികളാണെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരനും ആരോപിച്ചിരുന്നു