ഭീകരസംഘടകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാകിസ്താൻ സര്‍ക്കാര്‍ ഉത്തരവിറക്കി

ഭീകരസംഘടകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാകിസ്താൻ സര്‍ക്കാര്‍ ഉത്തരവിറക്കി. ഐക്യരാഷ്ട്ര സഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരസംഘടകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് തീരുമാനം. യു എൻ നിര്‍ദ്ദേശങ്ങളനുസരിച്ച് പാകിസ്ഥാന്‍ യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ ആക്ട്-1948 പ്രകാരമാണ് നടപടി. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പാകിസ്ഥാനിൽ യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ ആക്ട്-1948 പ്രകാരമാണ് നടപ്പിലാക്കുക.ഉത്തരവ് അനുസരിച്ചു എല്ലാ നിരോധിത സംഘടനകളുടെയും സ്വത്തുക്കള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംഘടനകളുടെ ചാരിറ്റി വിഭാഗങ്ങളടക്കം സര്‍ക്കാരിന്റെ കീഴിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുല്‍വാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയരുന്നതിനിടെയാണ് പാകിസ്ഥാന്റെ നടപടി. പുതിയ ഉത്തരവ് പ്രകാരം ലഷ്‌കറെ ത്വയ്ബ, ജമാഅത്തുദ്ദഅ്‌വ, ഫിലാഹേ ഇന്‍സാനിയത് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ക്ക് മേല്‍ നിയന്ത്രണം വരും.