ഒരു ടൂറിസ്റ്റിനെപ്പോലെ ഇവിടേക്കു വന്ന് സ്ഥലങ്ങളൊക്കെ കണ്ട് തിരിച്ചുപോവാമെന്ന് ആരും കരുതണ്ട ;ഡേവിഡ് ജയിംസ്

david james

ഐഎസ്എല്‍ സീസണിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോള്‍ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് ടീമിന്റെ കോച്ചായ ഡേവിഡ് ജെയിംസിനെ രൂക്ഷമായി വിമര്‍ശിച്ചത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. താന്‍ കണ്ടതില്‍ വച്ചും ഏറ്റവും മോശം കോച്ചാണ് ജെയിംസെന്നാണ് ബെര്‍ബ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. കൂടാതെ ജെയിംസിനെ വിഡ്ഢിയെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ശരിയായിരുന്നില്ലെന്നും ബെര്‍ബ കുറ്റപ്പെടുത്തിയിരുന്നു. അന്ന് ഇതേക്കുറിച്ചു പ്രതികരിക്കാതിരുന്ന ജെയിംസ് ഇപ്പോള്‍ ഇതിനു ചുട്ട മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി നെറോക്കയ്‌ക്കെതിരായ സൂപ്പര്‍ കപ്പിലെ പ്രീക്വാര്‍ട്ടറിനു മുന്നോടിയായി സംസാരിക്കവെയാണ് ബെര്‍ബയുടെ വിമര്‍ശനങ്ങള്‍ക്കു ജെയിംസ് മറുപടി നല്‍കിയത്.വിദേശ താരങ്ങളെ ടീമിലേക്കു കൊണ്ടുവരാനുള്ള റിക്രൂട്ട്‌മെന്റ് പോളിസിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മാറ്റം വരുത്തുകയാണെന്ന് ജെയിംസ് വ്യക്തമാക്കി. പുതിയ സീസണില്‍ ഈ രീതിയിലാവും താരങ്ങളുമായി കരാര്‍ ഒപ്പുവയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിലേക്ക് വരാന്‍ ഒരു വിദേശ താരം ആഗ്രഹം പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തോട് ആദ്യം ചോദിക്കുക എന്താണ് ഇന്ത്യയിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്നത് എന്നായിരിക്കും. ഇതിനു കൃത്യമായി മറുപടി നല്‍കാന്‍ അയാള്‍ക്കായില്ലെങ്കില്‍ ആ താരത്തെ ബ്ലാസ്റ്റേഴ്‌സിനു വേണ്ട. കാരണം ഇത് ടീമിന്റെ ഓരോ ആരാധകനും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ഒരു ടൂറിസ്റ്റിനെപ്പോലെ ഇവിടേക്കു വന്ന് സ്ഥലങ്ങളൊക്കെ കണ്ട് തിരിച്ചുപോവാമെന്ന് ആരും കരുതേണ്ടത്. അത്തരക്കാരെ ഈ ഫുട്‌ബോള്‍ ക്ലബ്ബിന് ആവശ്യവുമില്ലെന്നും ജെയിംസ് തുറന്നടിച്ചു.ബെര്‍ബറ്റോവിനെയും ബ്രൗണിനെയും ബ്ലാസ്റ്റേഴ്‌സിലേക്കു കൊണ്ടുവന്നത് താനല്ലെന്നു ഇരുവരുടെയും ട്രാന്‍സ്ഫര്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി ജെയിംസ് വ്യക്തമാക്കി. ബെര്‍ബറ്റോവ് പരാതി പറഞ്ഞത് തന്നെക്കുറിച്ചാണെന്നു കരുതുന്നില്ല. ബ്രൗണിനെ സംബന്ധിച്ചിടത്തോളം താന്‍ പരിശീലകനായ ശേഷം എല്ലാ മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. നാലോ ഓഞ്ചോ കളികളില്‍ മൂന്നു മഞ്ഞക്കാര്‍ഡുകള്‍ ബ്രൗണിനു ലഭിച്ചിരുന്നെങ്കിലും ഒരു കളി പോലും നഷ്ടമായിട്ടില്ല. എല്ലാ അര്‍ഥത്തിലും തികഞ്ഞ പ്രൊഫഷണലാണ് അദ്ദേഹം. പരിശീലനത്തില്‍ പോലും ബ്രൗണ്‍ ഇതു തെളിയിച്ചതാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടി.ബെര്‍ബറ്റോവ് എന്തു കൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സിലേക്കു വരാന്‍ കാരണമെന്ന് അറിയാം. എന്നാല്‍ അതില്‍ തനിക്കു പ്രശ്‌നമില്ല. കാരണം അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവന്നത് താന്‍ മുന്‍കൈ എടുത്തിട്ടല്ല. ബെര്‍ബറ്റോവ് എങ്ങെയാണ് ടീം വിട്ടതെന്നും അറിയാം. അതൊക്കെ അദ്ദേഹത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. സീസണിന്റെ പകുതിയില്‍ വച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി താന്‍ ഒപ്പം ചേര്‍ന്നത്. ജനുവരി ട്രാന്‍സ്ഫര്‍ സീസണില്‍ ടീമില്‍ ചില മാറ്റങ്ങളും വരുത്തിയതായി ജെയിംസ് വിശദമാക്കി.ബെര്‍ബറ്റോവിനെ വിമര്‍ശിക്കുമ്പോഴും ബ്രൗണിനെ പുകഴ്ത്താന്‍ ജെയിംസ് മടികാണിച്ചില്ല. നല്ലതും ചീത്തയുമായ എല്ലാം ഉള്‍ക്കൊണ്ടു തന്നെ ഇന്ത്യയെ താന്‍ ഇഷ്‌പ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ആദ്യമായി ഇവിടെയെത്തിയപ്പോള്‍ താന്‍ കരുതിയതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. എത്ര നല്ല സ്ഥലമാണ് ഇന്ത്യയും കേരളവുമെന്ന് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്ന ഓരോരുത്തരും അറിയേണ്ടതുണ്ട്. ഇതു യൂറോപ്പല്ല. ഫുട്‌ബോളെന്നത് ഒരു വശം മാത്രമാണ്. അതോടൊപ്പം നിങ്ങള്‍ ഇവിടെ താമസിക്കുകയും വേണം. ബ്രൗണ്‍ ഇവയുമായി വളരെ വേഗം പൊരുത്തപ്പെട്ടതായും ജെയിംസ് ചൂണ്ടിക്കാട്ടി.