തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ജനങ്ങളോട് ധനസഹായം അഭ്യര്‍ത്ഥിച്ച ഇടത് സ്ഥാനാര്‍ത്ഥിയും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റിന് നേരെ സൈബര്‍ അറ്റാക്ക്. സൈബര്‍ അറ്റാക്ക് നടന്നെങ്കിലും വെബ്സൈറ്റ് വീണ്ടും പ്രവര്‍ത്തന സജ്ജമായി. അവര്‍ഡെമോക്രസി ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ് വഴിയാണ് കനയ്യ കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ധനശേഖരണം നടത്തുന്നത്. സൈറ്റിലേക്ക് സംഭാവന ചെയ്യാന്‍ ആളുകള്‍ തയ്യാറാകുമ്ബോഴും നിരന്തരമുള്ള സൈബര്‍ അറ്റാക്ക് മൂലം സൈറ്റ് തകരാറിലാകുന്നുവെന്ന് കനയ്യ പറഞ്ഞു.രാഷ്ട്രീയത്തിന്റെ പുതിയമുഖം എന്ന നിലയ്ക്കായിരുന്നു കനയ്യ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്താന്‍ തീരുമാനിച്ചത്. കോര്‍പ്പറേറ്റ് കമ്ബനികളില്‍ നിന്നല്ല മറിച്ച സാധാരണക്കാരില്‍ നിന്നാണ് പണം സ്വീകരിക്കുന്നതെന്ന് കനയ്യ വ്യക്തമാക്കി. സംഭാവന നല്‍കുന്നവരുടെ പേരും തുകയുമെല്ലാം സൈറ്റില്‍ കൃത്യമായി കൊടുക്കുമെന്നും കനയ്യ പറഞ്ഞു.
ക്രൗഡ് ഫണ്ടിങ് വഴി എഴുപത് ലക്ഷം രൂപയോളം സമാഹരിച്ചതായി സൈറ്റില്‍ കാണാം. അയ്യായിരത്തിലേറെ ആളുകളാണ് ക്രൗഡ് ഫണ്ടിങ്ങിലേക്ക് പണം നല്‍കിയത്. 5,326 പേര്‍ ചേര്‍ന്ന് 70,00,903 രൂപയാണ് കനയ്യ കുമാറിന് സമാഹരിച്ച് നല്‍കിയത്.