നിറങ്ങളുടെയും വാദ്യമേളങ്ങളുടെയും വിശ്വോത്തര സംഗമമായ പൂരങ്ങളുടെ പൂരം. പൂരത്തലേന്ന് രാവിലെ പതിവുപോലെ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതിക്ഷേത്ര ദേശക്കാര്‍ ശ്രീവടക്കുന്നാഥന്റെ തെക്കേഗോപുരം വിശ്വോത്തര ജനസംഗമത്തിനായി തുറന്നു. പെരുവനം കുട്ടന്‍മാരാര്‍ നയിച്ച മേളത്തിന് ആയിരങ്ങളായ ആസ്വാദകരെത്തി. മേളക്കലാശശേഷം നെയ്തലക്കാവുകാര്‍ വടക്കുന്നാഥന്റെ നിലപാടു തറയ്ക്കല്‍ ആചാരപ്രകാരം ശംഖു വിളിച്ച് പൂര വിളംബരം നടത്തിയപ്പോള്‍ തട്ടകം ആഹ്ളാദാരവം മുഴക്കി. ശനിയാഴ്ച ഉച്ചക്ക് പൂരം ഉപചാരം ചൊല്ലി പിരിയുംവരെ ശക്തന്റെ തട്ടകം ജനനിബിഡം.
തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ പൂരത്തോടനുബന്ധിച്ച് ഒരുക്കിയ ചമയപ്രദര്‍ശനം വ്യാഴാഴ്ച അര്‍ധരാത്രിവരെ നീണ്ടു.
വെള്ളിയാഴ്ച ഘടകദേശപ്പൂരങ്ങളോടെയാണ് മുപ്പതു മണിക്കൂര്‍ നീളുന്ന പൂരക്കാഴ്ചകള്‍ക്കു തുടക്കം. രാവിലെ 7.30ന് തിരുവമ്പാടി ക്ഷേത്രത്തില്‍നിന്ന് തിരുവമ്പാടി അര്‍ജുനന്‍ ഭഗവതിയുടെ കോലമേന്തിയെത്തുന്നതോടെ നടുവില്‍ മഠത്തിലേക്ക് എഴുന്നള്ളിപ്പ് നടത്തും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പകല്‍ 11.30 ന് തുടങ്ങും. എഴുന്നള്ളിപ്പ് നടുവിലാല്‍ പന്തലില്‍ എത്തുമ്പോള്‍ ആനകള്‍ ഏഴായും നായ്ക്കനാല്‍ പന്തലില്‍ പതിനഞ്ചായും പൂരം വളരും. പിന്നെ വാദ്യം പാണ്ടിമേളത്തിന് വഴിമാറും.
പകല്‍ 12ന് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് തുടങ്ങും. പെരുവനം കുട്ടന്‍മാരാരുടെ പതിനെട്ടാമത് പ്രാമാണികത്വമാണ്. കിഴക്കേഗോപുരം വഴി വടക്കുന്നാഥ ക്ഷേത്രാങ്കണത്തിലേക്ക് മേളഗോപുരങ്ങള്‍ തീര്‍ത്ത് എഴുന്നള്ളിപ്പ് പ്രവേശിക്കും. 2.30ന് മേളത്തിലെ വിശ്വോത്തര സിംഫണിയായ ഇലഞ്ഞിത്തറമേളത്തില്‍ പെരുവനത്തിന്റെ നേതൃത്വത്തില്‍ 250ലധികം വാദ്യകലാകാരന്മാര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചരയോടെ തെക്കേ ഗോപുരനടയില്‍ കുടമാറ്റം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മുഖ്യ വെടിക്കെട്ട്. ഉച്ചക്ക് സമാപന വെടിക്കെട്ടോടെ പൂരം ഉപചാരം ചൊല്ലി പിരിയും.