ഇന്ത്യ മതേതര രാഷ്ട്രമാണെന്നും പ്രത്യേകിച്ച് ഒരു മതത്തെ പ്രതിനിധാനംചെയ്യുന്ന രാജ്യമല്ലെന്നും അറ്റോണി ജനറൽ മുകുൾ രോഹതഗി ഐക്യരാഷ്ര സഭയിൽ അറിയിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കു നേരെ അതിക്രമം നടക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണങ്ങൾക്ക് ഐക്യരാഷ്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ജാതിയോ മതമോ നിറമോ തിരിച്ചുള്ള വിവേചനമില്ല. ഇന്ത്യ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റേതല്ല. ഏത് മതത്തിൽ വേണമെങ്കിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണിത്. ആവിഷ്കാര സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തിൽ ജനങ്ങൾ സന്തുഷ്ടരാണ്. മനുഷ്യാവകാശത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. സമാധാനത്തിലും അഹിംസയിലും വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാർ. ചില പ്രശ്നബാധിത സ്ഥലങ്ങളിൽ മാത്രമാണ് സൈന്യത്തിന്റെ പ്രത്യേക അധികാരം പ്രയോഗിക്കുന്നത്. ചില രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് ഇത് വേണ്ടിവരുന്നത്. ട്രാൻസ്ജെൻഡേഴ്സിനും രാജ്യത്ത് തുല്യ പരിഗണന നൽകുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളെ തടയാൻ ആവശ്യമായ നിയമങ്ങൾ രാജ്യത്തുണ്ടെന്നും രോഹതഗി അറിയിച്ചു.
കശ്മീരിൽ സൈന്യത്തിന്റെ പെല്ലറ്റ് പ്രയോഗം നിരോധിക്കണമെന്ന് പാകിസ്താൻ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ദലിത് വിഭാഗങ്ങൾക്കു നേരെ ഇന്ത്യയിൽ അതിക്രമം നടക്കുകയാണ്. ഐക്യരാഷ്ട്ര സഭ സംഘത്തെ കശ്മീരിൽ സന്ദർശനം നടത്താൻ ഇന്ത്യ അനുവദിക്കണമെന്നും പാകിസ്താൻ പറഞ്ഞു