സംസ്ഥാന പൊലീസ് മേധാവിയില്ലാത്തതിനാൽ വ്യാഴാഴ്ച വൈകീട്ട് ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സുരക്ഷാ കമീഷൻ യോഗം മാറ്റി വെച്ചു. സുരക്ഷാ കമ്മീഷന്റെ യോഗം ഇനി എന്നുചേരുമെന്ന് അംഗങ്ങളെ അറിയിച്ചിട്ടില്ല. ആഭ്യന്തരവകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന പൊലീസ് മേധാവി സെക്രട്ടറിയുമായ സുരക്ഷാ കമ്മിഷനാണ് പൊലീസ് മേധാവിയില്ലാത്ത സാഹചര്യത്തിൽ യോഗംചേരാതെ മാറ്റിയത്. സെൻകുമാർ കേസിലെ വിധിയാണ് പൊലീസ് മേധാവി സ്ഥാനം സംബന്ധിച്ച് സർക്കാറിനെ പ്രതിസന്ധിയിലാക്കിയത്.
സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനം അടക്കം സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച സുരക്ഷാ കമ്മീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ്. പൊലീസ് സേനയുടെ അംഗബലം വർധിപ്പിക്കൽ, പുതിയ ആംഡ് പൊലീസ് ബറ്റാലിയൻ രൂപവത്കരണം, സംസ്ഥാനം രൂപവത്കരിച്ച വ്യവസായ സംരക്ഷണസേനയുടെ അംഗബലം വർധിപ്പിക്കൽ, പൊലീസ് മീഡിയ മാനേജ്മെന്റെ അവലോകനം എന്നിവയായിരുന്നു വ്യാഴാഴ്ച ചേരാനിരുന്ന കമ്മീഷന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങൾ.
ആഭ്യന്തരമന്ത്രിയെയും പൊലീസ് മേധാവിയെയും കൂടാതെ പ്രതിപക്ഷനേതാവ്, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, വിരമിച്ച ഹൈകോടതി ജഡ്ജിമാർ എന്നിവരും ഗവർണർ നിയോഗിക്കുന്ന മൂന്നംഗങ്ങളും ഉൾപ്പെടുന്നതാണ് സംസ്ഥാന സുരക്ഷാ കമീഷൻ. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് ആക്ടിൽ ഭേദഗതിവരുത്തിയാണ് സുരക്ഷാ കമീഷൻ രൂപവത്കരിച്ചത്. ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത് പൊലീസ് മേധാവിയില്ലാത്ത അവസ്ഥയാണ്. ഇതേതുടർന്ന് പൊലീസിന്റെ പ്രവർത്തനങ്ങളെല്ലാം സ്തംഭനത്തിലാണ്. ക്രമസമാധാനപാലനത്തിനുപോലും കൃത്യമായ നിർദേശം നൽകാൻ മേധാവിയില്ലാത്ത സാഹചര്യത്തിൽ കഴിയുന്നില്ല. പൊലീസ് ആസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകളിലും തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.