ഗോരക്ഷയെന്നതിന്റെ പേരില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെ

ഗോരക്ഷയെന്നതിന്റെ പേരില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പശുസ്‌നേഹം വോട്ടിനുവേണ്ടിയുള്ളതാണ്. പശുസ്‌നേഹത്തിന്റെ പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവ് മീറ്റിങ്ങിനിടെ ലാലുപ്രസാദ് യാദവ് പറഞ്ഞു.

കറവ വറ്റിയ പശുക്കളെ ബി.ജെ.പിക്കാരുടെ വീടിന് മുന്നില്‍ കെട്ടിയാലറിയാം അവരുടെ പശുസ്‌നേഹം. ബി.ജെ.പിക്കാരുടെ വീടിന് മുന്നില്‍ പശുക്കളെ കെട്ടിയിടാനും ലാലു
പ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ എങ്ങനെയാണ് പശുക്കളെ നേരിടുന്നതെന്ന് അപ്പോള്‍ അറിയാം.ബിജെപി നേതാക്കള്‍ വന്ന് നിങ്ങളെ വടികൊണ്ടടിച്ചാലും കൊള്ളണം. തടയരുത്. അവര്‍ക്ക് ശരിക്കും പശു സേവനത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടോയെന്ന് നമുക്ക് കാണിച്ചുകൊടുക്കാം. ലാലു പ്രസാദ് യാദവ് പറഞ്ഞു.

സൈനികര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ലാലുപ്രസാദ് യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുകയും ചെയ്തു. പാകിസ്താന്‍ എങ്ങനെയാണ് ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറി സൈനികരുടെ തലയറുത്തതെന്ന് മോദി വ്യക്തമാക്കണമെന്നും ലാലു കൂട്ടിച്ചേര്‍ത്തു.