എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം രണ്ടു മണിക്ക് നടത്തിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലത്തിന് അംഗീകാരം നൽകി. 4,37156 വിദ്യാർത്ഥികളാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 95.98 ശതമാനമാണ് വിജയശതമാനം. 1174 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ 405 എണ്ണം സർക്കാർ സ്കൂളുകളാണ്. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞവർഷം 96.59% പേരാണ് ജയിച്ചത്.ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം 20,967 ആണ്. ആകെ പരീക്ഷ എഴുതിയവരില്‍ 4.6% പേര്‍ക്കാണ് ഈ നേട്ടം.
ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട റവന്യൂ ജില്ലയിലാണ് (98.82%). കുറവ് വയനാട് (89.65%).1174 സ്കൂളുകൾ നൂറുശതമാനം വിജയം നേടിയപ്പോൾ 100 മേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ 405 ആണ്. ടി.കെ.എം.എച്ച്.എസ് മലപ്പുറമാണ് എ പ്ലസ് ഏറ്റവും കൂടുതൽ നേടിയ സ്കൂൾ. സേ പരീക്ഷ മെയ് 22 മുതൽ 26 വരെയാണ്. പ്ലസ് വൺ പ്രവേശനത്തിനായി മെയ് എട്ട് മുതൽ അപേക്ഷ ഒാൺലൈനായി നൽകാം.
ഫലങ്ങള്‍ താഴെ കൊടുത്തിലുള്ള വെബ്സൈറ്റുകളില്‍ ലഭ്യമാണ്. result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in . കൂടാതെ ‘സഫലം 2017’ എന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയും ഫലമറിയാം.
വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്കൂള്‍, -വിദ്യാഭ്യാസജില്ല, -റവന്യൂ ജില്ല തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഹൈസ്കൂൾ, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കുപുറമെ ഈവര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒമ്പതിനായിരത്തോളം എല്‍.പി, യു.പി സ്കൂളുകളിലും ഫലമറിയാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.