പതിനാറുകാരിയെ പീഡിപ്പിച്ചു ചുട്ടുകൊന്ന കേസില്‍ 16 പേര്‍ അറസ്റ്റിൽ

prison

ജാര്‍ഖണ്ഡില്‍ പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്ന കേസില്‍ 16 പേര്‍ അറസ്റ്റിലായി. 20 പേര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്. ഇവര്‍ സംഭവത്തിന് ശേഷം ഒളിവിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.വ്യാഴാഴ്ച്ച രാത്രി കുടുംബാംഗങ്ങള്‍ വിവാഹ പാര്‍ട്ടിക്ക് പോയ സമയത്താണ് മദ്യപിച്ചെത്തിയ നാലു പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് ബലാല്‍സംഗം ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിന് സമിപം ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി ഗ്രാമ സമിതിയെ സമീപിച്ചപ്പോള്‍ സമിതി തലവനും അംഗങ്ങളും വിഷയം ഒത്തുതീര്‍പ്പാക്കാന്‍ കുടുംബത്തോട് ഉപദേശിക്കുകയായിരുന്നു. കുറ്റവാളികള്‍ക്ക് ശിക്ഷയായി 100 തവണ ഏത്തമിടാനും 50,000 രൂപ പിഴയടക്കാനും നിര്‍ദേശിച്ചു. കുടുംബം ഗ്രാമ സമിതിയെ സമീപിച്ച് പരാതി പറഞ്ഞതില്‍ രോഷാകുലരായാണ് പ്രതികള്‍ 16കാരിയുടെ വീട്ടിലേക്ക് ഇരച്ചുകയറി മാതാപിതാക്കളെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയും ചെയ്തത്. ബലാല്‍സംഗം നടന്നതിന്റെ പിറ്റേ ദിവസമായിരുന്നു ഇത്. ഉന്നാവോയിലെയും കഠ്‌വയിലേയും സംഭവത്തിന് സമാനമായി ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിക്കാന്‍ തയ്യാറായത്. ഗ്രാമ സമിതിക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.