വിദ്യാർത്ഥി വീട്ടുവേലക്കാരിയെ ഗര്‍ഭിണിയാക്കി;12 വർഷത്തിന് ശേഷം യുവതി മാധ്യമങ്ങൾക്ക് മുൻപിൽ

girl

ജോലിക്ക് നിന്ന വീട്ടിലെ പയ്യനാണ് തന്റെ കുട്ടിയുടെ അച്ഛന്‍. മകന് ഇപ്പോള്‍ 12 വയസ്സുണ്ട്. ആരോപണ വിധേയനായ അന്നത്തെ പയ്യന് വയസ്സ് 40 കഴിഞ്ഞു. തനിക്കും 12 വയസുള്ള മകനും ഉണ്ടായ കൊടും ചതി മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വിവരിച്ച് ആദിവാസി യുവതി. റാന്നി പഴവങ്ങാടി വില്ലേജിലെ നാറാണംമൂഴി ചൊള്ളനാവയലിലെ ആദിവാസി കോളനി നിവാസിയാണ് പരാതിക്കാരി . പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് മുന്നില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഐജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

വളരെ ചെറുപ്പത്തില്‍ വിവാഹിതയായ ഇവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചെങ്കിലും വൈകാതെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. തുടര്‍ന്ന് കൂലിപ്പണി ചെയ്താണ് ഇവര്‍ കഴിഞ്ഞുവന്നത്. ജീവിതം വഴിമുട്ടിയതോടെയാണ് 1996ല്‍ നാറാണം മൂഴിയിലെ സാമ്പത്തിക സ്വാധീനമുള്ള ഒരു വീട്ടില്‍ വേലയ്ക്കായി എത്തിയത്. മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതോടെ അവരുടെ ഏക മകന്‍ തന്നെ ശല്യപ്പെടുത്തുന്നത് പതിവാക്കിയിരുന്നതായി പെരുനാട് പോലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ ഇവര്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥിയായിരുന്ന അയാളെ പിന്തിരിപ്പിക്കാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരിക്കല്‍ അയാള്‍ തന്നെ കീഴ്‌പ്പെടുത്തിയശേഷം ബലാല്‍സംഗം ചെയ്തു.ഇതേപ്പറ്റി മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യുവാവ് കരഞ്ഞു. ഇനി ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അയാള്‍ പറഞ്ഞുവെങ്കിലും വീണ്ടും പീഡനം തുടര്‍ന്നു. പരാതിപറയാന്‍ ശ്രമിച്ചപ്പോള്‍ മോഷണക്കേസില്‍ കുടുക്കി ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളില്‍ പോലീസിനെകൊണ്ട് പിടിപ്പിക്കും എന്ന് പറഞ്ഞ് പീഡിപ്പിക്കുന്നത് പതിവായി. ഒടുവില്‍ താന്‍ ഗര്‍ഭിണിയായ വിവരം യുവാവിനെയും മാതാപിതാക്കളെയും അവര്‍ അറിയിച്ചു. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇതിനായി വന്‍ തുക വാഗ്ദാനവും ചെയ്തു. അതിന് സമ്മതിക്കാതെ വന്നതോടെ അവര്‍ അനുരഞ്ജനത്തിന് തയാറായി. സുരക്ഷിതമായി വീട്ടില്‍ കഴിയാമെന്നും എന്നാല്‍ ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കരുതെന്നും അവര്‍ നിര്‍ദ്ദേശിച്ചു. പ്രസവം അടുക്കാറായപ്പോള്‍ തിരുവനന്തപുരം കാരേറ്റുള്ള അവരുടെ ബന്ധുവീട്ടിലേക്ക് മാറ്റി. 2006 ഒക്ടോബര്‍ അഞ്ചിന് കാരേറ്റുള്ള വീട്ടില്‍ വച്ച് ആദിവാസി യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒത്തുതീര്‍പ്പിനായിട്ടുള്ള നീക്കമായിരുന്നു പിന്നീട് യുവാവിന്റെ വീട്ടുകാര്‍ നടത്തിയത്. പത്തുലക്ഷം രൂപാ നല്‍കാമെന്നും ശല്യമൊന്നും ഉണ്ടാക്കരുതെന്നും അവര്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് പൊള്ളനാവയലിലുള്ള വീട്ടില്‍ യുവതിയെ എത്തിച്ചശേഷം വീട്ടുകാര്‍ സ്ഥലം വിട്ടു. പിന്നീട് ഒരുവര്‍ഷം പ്രതിമാസം 1000 രൂപ ചെലവിനായി ഇവര്‍ യുവതിക്ക് നല്‍കിയിരുന്നു. കുട്ടിയെ വളര്‍ത്താന്‍ നിര്‍വാഹമില്ലാതെ വന്നതോടെ യുവതി വീണ്ടും വീട്ടുകാരെ സമീപിച്ചു. എന്നാല്‍ ഇനി പണം ചോദിച്ചുവന്നാല്‍ കുട്ടിയെയും തന്നെയും വീട്ടിലിട്ട് ചുട്ടുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയാതായി പരാതിയില്‍ വ്യക്തമാക്കുന്നു. ഒടുവില്‍ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖനായ ഒരു വ്യക്തിയുടെ ഇടപെടല്‍ മൂലം വീണ്ടും മാസചെലവിന് 1000 രൂപ വീതം നല്‍കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇടനിലക്കാരനായ വ്യക്തി പെട്ടന്ന് മരിച്ചതോടെ ആ വരുമാനവും നിലച്ചു. ഇതിനിടെ മകന്റെ പിതൃത്വം അംഗീകരിച്ചുകിട്ടണമെന്ന ആവശ്യവുമായി ജില്ലാ കളക്ടര്‍, വനിതാ സെല്‍, മുഖ്യമന്ത്രി എന്നിവര്‍ക്കൊക്കെ അവര്‍ പരാതി സമര്‍പ്പിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. മകന് ഇപ്പോള്‍ 12 വയസായി. ജനനസര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ ലഭിക്കാന്‍ പിതൃത്വം തെളിയിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.