ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത ; ചിരിയുടെ തിരുമേനി യാത്രയായി

മാര്‍ത്തോമാ സഭ മുൻ പരമാധ്യക്ഷനും മലങ്കര സഭയുടെ ആത്മീയാചാര്യനുമായ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച പുലർച്ചെ 1.15ന് ആയിരുന്നു മെത്രൊപ്പൊലീത്തയുടെ അന്ത്യം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം.

‘നര്‍മ്മത്തിന്റെ തമ്പുരാന്‍’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. നർമ്മത്തിൽ ചാലിച്ച പ്രസംഗങ്ങളും കുറിക്കുകൊള്ളുന്ന മറുപടികളുമായി നിറഞ്ഞ് നിന്നതിനാൽ തന്നെയാണ് അദ്ദേഹത്തിന് കേരളീയ പൊതുസമൂഹത്തിൽ ഇത്രയും സ്വീകാര്യത ലഭിച്ചത്. ദൈവത്തെയും മനുഷ്യരെയും ചിരിപ്പിച്ച ‘നര്‍മ്മത്തിന്റെ തമ്പുരാന്‍’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാൽ അതിശയോക്തിയില്ല. ചിരിയിലും ആത്മീയതയുണ്ടെന്ന് തെളിയിച്ചു തന്ന ആത്‌മീയ ആചാര്യനാണ് വലിയ മെത്രാപ്പോലീത്ത. നർമ്മത്തിൽ ചാലിച്ച പ്രസംഗങ്ങളും കുറിക്കുകൊള്ളുന്ന മറുപടികളുമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിന്നതിനാൽ തന്നെയാണ് അദ്ദേഹത്തിന് പൊതുസമൂഹത്തിൽ ഇത്രയും സ്വീകാര്യത ലഭിച്ചത്. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ഇരവിപേരൂർ കലകമണ്ണിൽ കെ ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27ന് ആയിരുന്നു ജനനം. ഇരവിപേരൂർ, മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചത്. തുടർന്ന് ആലുവ യു.സി.കോളേജ്, ബാഗ്ലുര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ് എന്നിവടങ്ങളിലെ പഠനത്തിനു ശേഷം കര്‍ണ്ണാടകയിലെ അങ്കോളയില്‍ മിഷന്‍ പ്രവര്‍ത്തനം.

1944ല്‍ ശെമ്മാശ്ശു-കശ്ശിശാ പട്ടങ്ങള്‍ ലഭിച്ചു. 1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. തുടര്‍ന്ന് ഇംഗ്ലണ്ടിലെ കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളേജില്‍ ഉപരി പഠനം കോട്ടയം മാര്‍ത്തോമ്മാ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍, ക്രൈസ്തവ സഭാ കൗണ്‍സിലിന്റെ ദേശീയ പ്രസിഡന്റ് പദവികള്‍ വഹിച്ചു. ലോക സഭാ കൗണ്‍സിലിന്റെ ഇവാന്‍സ്റ്റണ്‍ ജനറല്‍ അസംബ്ലിയിലും രണ്ടാം വത്തിക്കാന്‍ സമ്മേളനത്തിലും പങ്കെടുത്തു.1999മുതല്‍2007വരെസഭയുടെപരമാധ്യക്ഷനായിരുന്നു. 2007ഒക്ടോബര്‍ ഒന്നിന്സ്ഥാനമൊഴിഞ്ഞു.

68 വർഷം ബിഷപ്പായി അദ്ദേഹം സേവനമനുഷ്ഠിച്ചത് ഇന്ത്യൻ സഭയിലെ തന്നെ റെക്കോർഡാണ്. ഏപ്രിൽ 23 ന് ആരോഗ്യം മോശമായതിനെത്തുടർന്ന് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് ചൊവ്വാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെങ്കിലും ബുധനാഴ്ച്ച പ്രഭാതത്തിൽ തിരുമേനി കാലം ചെയ്തു.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പൊലീത്തയെപ്പറ്റി ചലച്ചിത്ര സംവിധായകൻ ബ്ലെസി ഡോക്യുമെന്‍ററി നിർമ്മിച്ചിരുന്നു. ‘100 ഈയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്‍ററിക്ക് ഗിന്നസ് ലോക റെക്കോഡ് ലഭിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്‍ററി ഫിലിം എന്ന പദവിയാണ‌് ലഭിച്ചത്. 48 മണിക്കൂർ 10 മിനിറ്റാണ് ദൈർഘ്യം. നാല് വർഷത്തെ പ്രയത്നത്തിനൊടുവിലായിരുന്നു ബ്ലെസി ഡോക്യുമെന്ററി പൂർത്തീകരിച്ചത്.

കഥ പറയും കാലം (ആത്മകഥ), കമ്പോള സമൂഹത്തിലെ ക്രൈസ്തവദൗത്യം, ആകാശമേ കേൾക്ക ഭൂമിയേ ചെവി തരിക, വെള്ളിത്താലം (മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച കറിപ്പുകളുടെ സമാഹാരം), ക്രിസോസ്റ്റം പറഞ്ഞ നർമ്മകഥകൾ, തിരുഫലിതങ്ങൾ ,ദൈവം ഫലിതം സംസാരിക്കുന്നു തുടങ്ങിയവയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടേതായ കൃതികൾ.