യൂണിഫോമിന്റെ പേരിൽ സ്കൂളിനെതിരേ വ്യാജപ്രചാരണം നടത്തുന്നതായി പരാതി. മാന്യമല്ലാത്ത രീതിയിൽ പെൺകുട്ടികളുടെ യൂണിഫോം ഡിസൈൻ ചെയ്തു എന്ന പേരിലാണ് സോഷ്യൽ മീഡിയ വഴി വ്യാജപ്രചാരണം നടക്കുന്നതെന്നു സ്കൂൾ അധികൃതർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
അശ്ലീലമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന യൂണിഫോം എന്ന പേരിൽ ചിത്രം സഹിതമാണു ഫേസ്ബുക്കിലും മറ്റും പ്രചരിച്ചത്. ഇതു കണ്ട പലരും സോഷ്യൽ മീഡിയയിൽ സ്കൂളിനെതിരേ പ്രതിഷേധവും ഉയർത്തി. എന്നാൽ, മാന്യമായി ഡിസൈൻ ചെയ്തിരിക്കുന്ന യൂണിഫോമിന്റെ ഫോട്ടോയിൽ കൃത്രിമം നടത്തിയാണു ചിലർ പ്രചരിപ്പിച്ചതെന്നു സ്കൂൾ അധികൃതരുടെ പരാതിയിൽ പറയുന്നു.
അരുവിത്തുറ സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിലെ യൂണിഫോമുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയ വഴിയും ഓണ്‍ലൈൻ മാധ്യമങ്ങൾ വഴിയും കുപ്രചരണം നടത്തിയെന്ന പരാതിയിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റ് കഴിഞ്ഞ ദിവസമാണു പോലീസിനു പരാതി നൽകിയത്.
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന അശ്ലീലമായ യൂണിഫോം യഥാർഥത്തിലുള്ള യൂണിഫോമുമായി യാതൊരു സാമ്യവുമള്ളതല്ലെന്നു സ്കൂൾ മാനേജ്മെന്റ് പറഞ്ഞു. ഫോട്ടോഷോപ്പിലൂടെ വികൃതമാക്കിയ ചിത്രമാണു പ്രചരിക്കുന്നത്. സ്കൂൾ തുറന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും യൂണിഫോമുമായി ബന്ധപ്പെട്ടു യാതൊരു പരാതിയും രക്ഷിതാക്കളിൽനിന്നു ലഭിച്ചിട്ടില്ല. യൂണിഫോമിനെ സംബന്ധിച്ചു പരാതിയുണ്ടോ എന്നറിയാൻ പിടിഎ എക്സിക്യൂട്ടീവിൽനിന്ന് അഞ്ചംഗ സമിതിയെ മാനേജ്മെന്റ് നിയോഗിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.