Tuesday, April 23, 2024
HomeCrimeവ്യാജ ഓഡിയോ സന്ദേശവും ഫോട്ടോയും ഉപയോഗിച്ച്‌ വിവാഹം മുടക്കി

വ്യാജ ഓഡിയോ സന്ദേശവും ഫോട്ടോയും ഉപയോഗിച്ച്‌ വിവാഹം മുടക്കി

പോലീസുകാരനും സുഹൃത്തുക്കളും വ്യാജ ഓഡിയോ സന്ദേശവും ഫോട്ടോയും ഉപയോഗിച്ച്‌ വിവാഹം മുടക്കിയതില്‍ മനം നൊന്ത് പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിയായ യുവതി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കണ്ണൂര്‍ ജില്ലയിലെ ഒരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ പ്രതിശ്രുത വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. കാരണം അന്വേഷിച്ചപ്പോഴാണ് പ്രതിശ്രുത വരന്റെ ഫേസ്ബുക്കില്‍ ഒരു ഓഡിയോ സന്ദേശം ആരോ അയച്ചതായി മനസിലായത് . ഒരു യുവതിടെ ശബ്ദത്തിലായിരുന്നു സന്ദേശം. തന്റെ ജേഷ്ഠനും പ്രതിശ്രുത വധുവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും മറ്റുമുള്ള സംഭാഷണമാണ് പ്രതിശ്രുത വരന്റെ ഫേസ്ബുക്കിലേക്ക് അയച്ചുകൊടുത്തത്. എന്നാല്‍ ഈ സന്ദേശം മുഖവിലക്കെടുക്കാന്‍ പ്രതിശ്രുത വരന്‍ തയ്യാറായില്ല. ഇതിനു ശേഷം പ്രതിശ്രുത വരന്റെ വീട്ടിലെ പെയിന്‍ഗസ്റ്റായ ഒരു യുവതി യുവതിയുടെ വീട്ടിലേക്ക് വിളിച്ച്‌ ഫേസ്ബുക്ക് സന്ദേശം കണ്ട് പ്രതിശ്രുത വരന്റെ അമ്മ ബോധരഹിതയായെന്നും അവരെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതിനു കാരണക്കാരി പ്രതിശ്രുത വധുവാണെന്നും അറിയിച്ചിരുന്നു. ഇതുകേട്ടതോടെയാണ് യുവതി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഈ സംഭവത്തിനു ശേഷമാണ് മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. പ്രതിശ്രുത വരന്‍ തനിക്കു വന്ന ഓഡിയോ സന്ദേശം യുവതിയുടെ പിതാവിന് അയച്ചുകൊടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ തങ്ങളുടെ വീട്ടിനടുത്തുള്ള യുവതിയുടേതാണ് ശബ്ദമെന്ന് തിരിച്ചറിഞ്ഞിരുന്നു. പിന്നീട് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയും അടുത്ത ബന്ധുവും പോലീസുകാരനുമായ സഹോദരനും സുഹൃത്തും ചേര്‍ന്നാണ് ഓഡിയോ സന്ദേശം സൃഷ്ടിക്കുകയും പ്രതിശ്രുത വരന് അയച്ചുകൊടുക്കുകയും ചെയ്തതെന്ന് വ്യക്തമായി. ഇതേ തുടര്‍ന്നാണ് കിഴക്കന്‍ കൊഴുവല്‍ സ്വദേശിയായ ബിജില്‍നായരുടെ പേരില്‍ യുവതിയുടെ അമ്മ നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ബിജില്‍നായരുടെ പേരില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ പോലീസുകാരനായ പ്രദീഷ് എന്ന കുട്ടനു വേണ്ടിയാണ് ബന്ധുവായ യുവതിയുടെ സഹായത്തോടെ ഓഡിയോ സന്ദേശമുണ്ടാക്കി പ്രതിശ്രുത വരന് അയച്ചുകൊടുത്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഇതുവരെയും പോലീസ് തയ്യാറായിട്ടില്ല. സഹപ്രവര്‍ത്തകനായ പോലീസുകാരനെ രക്ഷിക്കാന്‍ വേണ്ടിയാണ് നീലേശ്വരം പോലീസ് ശ്രമിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് അതിര്‍ത്തിരക്ഷാ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ ബിഎസ്‌എഫ് കമാന്റന്റ് ദീപിന്ദര്‍സിംഗ് കപൂറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ ഗൗരവപൂര്‍ണമായ അന്വേഷണം നടത്താന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് ജഡ്ജിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എന്നിട്ടുപോലും ഇക്കാര്യത്തില്‍ പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇതിനു ശേഷവും കഴിഞ്ഞ ദിവസം പോലീസുകാരന്റെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനായ സായ്കിരണിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ചീത്ത വിളിക്കുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ചും പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യമൊന്നും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സായ്കിരണിന്റെയും സ്ത്രീകളുടെയും പേരില്‍ പോലീസ് കേസെടുത്തത്. സംഭവത്തില്‍ പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനെതിരെ ഉന്നതതലങ്ങളില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. അതേ സമയം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും പിഴവുണ്ടായിട്ടില്ലെന്ന് നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കുറ്റക്കാരനാണെന്ന് ആരോപിച്ച കിഴക്കന്‍കൊഴുവലിലെ ബിജില്‍നായരുടെ പേരില്‍ ഏപ്രില്‍ 6ന് തന്നെ ക്രൈംനമ്ബര്‍ 200/2018 സെക്ഷന്‍ 364 ഡി വകുപ്പിട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ബിജിലിന്റെ മൊഴി പ്രകാരം പോലീസുകാരനുവേണ്ടി യുവതിയുടെ സഹായത്തോടെയാണ് ഓഡിയോ സന്ദേശം തയ്യാറാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയ തെളിവ് ലഭിക്കാതെ തുടര്‍ നടപടികള്‍ എടുക്കാന്‍ കഴിയില്ലെന്ന് സിഐ പറഞ്ഞു. ഓഡിയോ സന്ദേശം മൊബൈലില്‍ ലഭിച്ച പ്രതിശ്രുതവരന്‍ വിദേശത്താണ്. ഇയാളെ ചോദ്യം ചെയ്യുകയും ഫോണ്‍ സന്ദേശം സൈബര്‍ സെല്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുകയുള്ളൂ. പ്രതിശ്രുതവരന്‍ വിദേശത്താണ്. അദ്ദേഹത്തോട് പോലീസ് സ്റ്റേഷനിലെത്തി മൊബൈല്‍ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ ഇതുവരെ അന്വേഷണ സംഘത്തിന് ലഭിക്കാത്തതാണ് തുടര്‍ നടപടികള്‍ വൈകുന്നത്.ഗള്‍ഫിലുള്ള യുവാവ് ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം നാട്ടിലെത്തി ഫോണ്‍ ഹാജരാക്കുന്നതോടെ അന്വേഷണം ഊര്‍ജിതമാക്കും. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ ആരായാലും ശക്തമായ നടപടി ഉണ്ടാകുമെന്നും സിഐ ഉണ്ണികൃഷ്ണന്‍ തുടര്‍ന്നു പറഞ്ഞു. അതേ സമയം കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മാനേജരായി വിരമിച്ച ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ്, കഴിഞ്ഞ നഗരസഭയിലെ യുവകൗണ്‍സിലര്‍, ഒരു ജനശ്രീ നേതാവ് എന്നിവരാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഇവര്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളിലും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പരാതിയില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായില്ല.ഒരു മാസം മുമ്ബായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ദിവസം വീട്ടിലെത്തി. എന്നിട്ടുപോലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിപ്പട്ടികയിലുള്ള ഒരാള്‍ പോലീസുകാരനായതാണ് കേസ് പോലീസ് ഒതുക്കാന്‍ ശ്രമിക്കുന്നതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments