കെവിന്റെ കൊലപാതകം;പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി

kevin

കോട്ടയത്തെ ദുരഭിമാനകൊലയില്‍ കൃത്യവിലോപം കാട്ടിയ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് ഹൈക്കോടതിയെ സമീപിക്കും. കെവിന്‍ വധക്കേസിലെ പ്രതികളായ പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അന്വേഷണസംഘം ഹൈകോടതിയില്‍ നാളെ ഹര്‍ജി നല്‍കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും അറസ്റ്റിലായത്. ഏറ്റുമാനൂര്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് വന്‍തിരിച്ചടിയായിരുന്നു. ഇതിനിടെ കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നല്‍കും. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നല്‍കുന്നത്. ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവടക്കമുള്ള പോലീസുകാര്‍ ഗുരുതരകൃത്യവിലോപം നടത്തിയതായി പ്രത്യേക അന്വേഷണ സംഘത്തലവനും കൊച്ചി റേഞ്ച് ഐ.ജിയുമായ വിജയ് സാഖറെ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കെവിനെ സാനു ചാക്കോയുടെ നേതൃത്വത്തിലെ സംഘം വീട് കയറി ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നവരാണ് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്.ഐ എംഎസ്. ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍. ഈ വീഴ്ചയ്ക്ക് സസ്‌പെന്‍ഷന്‍ എന്നതിനപ്പുറം പിരിച്ചുവിടല്‍ എന്ന കടുത്ത നടപടി വേണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരള പോലീസ് ആക്ടില്‍ 2012-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിടാനാവും. ഇതിന് മുന്‍പ് ആരോപണ വിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്ക് ഡി.ജി.പി തുടക്കമിടുകയും ചെയ്തു. അതിനാണ് ഐ.ജി. വിജയ് സാഖറെ നടത്തുന്ന അന്വേഷണത്തിന് പുറമെ കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പുതിയ വകുപ്പ് തല അന്വേഷണം. ഇതിന്റെ ഭാഗമായാണ് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ആരോപണ വിധേയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതും. ഇതിന് ശേഷം ഇവരുടെ വീഴ്ച വ്യക്തമാക്കുന്ന ഡിവൈ.എസ്.പി യുടെ അന്വേഷണറിപ്പോര്‍ട്ട് ലഭിച്ച ശേഷം പിരിച്ചുവിടുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.