കേരള കോണ്‍ഗ്രസിലെ തര്‍ക്കം;രമ്യമായ പരിഹാരത്തിന് ഇടപെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappally

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടും . രമ്യമായ പരിഹാരത്തിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പ്രശ്നത്തില്‍ ഉത്കണ്ഠയുണ്ട്, എത്രയും വേഗം പരിഹരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇരുപക്ഷത്തേയും നേതാക്കള്‍ അടുത്തദിവസം ഒന്നിച്ചിരിക്കുമെന്ന് പി.ജെ ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ് എംഎല്‍എയും വിശദീകരിച്ചു.

പി.ജെ.ജോസഫിനെ ചെയര്‍മാനാക്കിയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല തള്ളിയ ജോസ് െക.മാണി പക്ഷം ബദല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നടപടി തുടങ്ങിയിരുന്നു. ആദ്യപടിയായി പാലായില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം ചേര്‍ന്നു. ഒത്തുപോകില്ലെന്ന് ഉറപ്പായതോടെ പിളര്‍പ്പ് ലക്ഷ്യം കണ്ടാണ് ഇരുപക്ഷവും കരുനീക്കങ്ങള്‍ ശക്തമാക്കിയത്. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ കേരള കോൺഗ്രസ് എമ്മിലെ തർക്കം തെരുവിലേക്ക് വരെ എത്തി. ഒരു വിട്ടുവീഴ്ചയ്ക്കും നേതാക്കൾ തയ്യാറാകുന്നില്ല എന്ന് കണ്ടതോടെയാണ് സഭയും കോൺഗ്രസും പ്രശ്നത്തിൽ ഇടപെട്ടത്. ഇതോടെയാണ് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് കളമൊരുങ്ങിയത്.

ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി പരമാവധി സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്ക് പുറമെ ജില്ലാ കമ്മിറ്റികളെയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളും തുടങ്ങി. പത്തനംതിട്ടയിലെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടന്നു.കെ.എം.മാണിയുടെ കാലത്തെ കീഴ്‌വഴക്കം തുടരുമെന്നു പി.ജെ ജോസഫ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ചെയർമാൻ സ്ഥാനം തനിക്ക്, വർക്കിങ് ചെയർമാൻ ജോസ് കെ.മാണി, നിയമസഭ കക്ഷി നേതാവായി സി.എഫ് തോമസ് എന്നതാണു ന്യായം. സമവായമുണ്ടാക്കിയ ശേഷം മാത്രം സംസ്ഥാന കമ്മിറ്റി വിളിക്കുമെന്ന നിലപാടിൽ ജോസ്ഫ് വിഭാഗം ഉറച്ചു നിന്നതോടെ സംസ്ഥാന കമ്മറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫിന് ജോസ് വിഭാഗം കത്ത് നൽകിയിരുന്നു.സമവായ ചര്‍ച്ചകളില്‍ അനുകൂല തരംഗം ഇല്ലാതായതോടെയാണ് ജോസ് പക്ഷം അധികാരം പിടിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയത്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താല്‍ നിഷ്പ്രയാസം ജോസ് കെ.മാണിക്ക് ചെയര്‍മാനാകാം. 400ലേറെ അംഗങ്ങളുള്ള കമ്മിറ്റിയില്‍ മുക്കാല്‍ഭാഗവും ജോസഫ് വിരുദ്ധരാണ്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ ജോസഫ് തയാറാകാത്ത ഘട്ടത്തിലാണ് ബദല്‍ മാര്‍ഗങ്ങളിലേക്കു നീങ്ങുന്നത്.തർക്കം പരിഹരിക്കാൻ നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടിരുന്നു. പാർട്ടി ചെയർമാനെ തിരഞ്ഞെടുത്ത ശേഷമാണ് പാർലമെന്ററി പാർട്ടി യോഗം വിളിക്കേണ്ടതെന്നു ജോസ് കെ.മാണി പാലായിൽ‍ പറഞ്ഞു. കേരള കോൺഗ്രസ് വിഭാഗങ്ങൾ പിളരുതെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ താൽപര്യം. സാമുദായിക നേതൃത്വങ്ങൾക്കും പിളർപ്പിൽ താൽപര്യമില്ല. ഇത് ഒത്തുതീർപ്പിനു വേഗത കൂട്ടുന്നു. സി.എഫ്. തോമസ് ചെയർമാൻ, പി.ജെ.ജോസഫ് പാർലമെന്ററി പാർട്ടി ലീഡർ, ജോസ് കെ. മാണി വർക്കിങ് ചെയർമാൻ എന്ന ഒത്തുതീർപ്പു സമവാക്യം മധ്യസ്ഥന്മാർ മുന്നോട്ടു വയ്ക്കുന്നു.