മൂന്നു ദിവസം മൃതദേഹത്തിനൊപ്പം….

dead

മകന്‍ മുറിയില്‍ മരിച്ചു കിടക്കുന്നതറിയാതെ മൃതദേഹത്തിനൊപ്പം അമ്മ വീടിനുള്ളില്‍ കഴിഞ്ഞത് മൂന്നു ദിവസം. പത്തനംതിട്ട ഇടത്തറ കൊമ്ബനോലി പാലത്തിങ്കല്‍ റിട്ട. ബി.ഡി.ഒ പരേതനായ പി.എ ജോര്‍ജിന്റെ മകന്‍ ജോബി പി ജോര്‍ജിന്റെ (45) മരണമാണ് അമ്മ ലീലാമ്മ അറിയാതെ പോയത്. ഭര്‍ത്താവ് ജോര്‍ജിന്റെ മരണശേഷം ലീലാമ്മയും ജോബിയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇലക്‌ട്രീഷ്യനായ ജോബി നാലു വര്‍ഷം മുന്‍പ് പിതാവു മരിച്ചപ്പോള്‍ സൗദിയിലെ ജോലി നിര്‍ത്തി നാട്ടിലേക്ക് വന്നതാണ്.

ശനിയാഴ്ച വൈകിട്ട് ജോബിയെ റോഡില്‍ കണ്ടവരുണ്ട്. ചൊവ്വാഴ്ച രാവിലെ ലീലാമ്മയുടെ ബന്ധു ലാലി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മരണ വിവിരം പുറത്തറിയുന്നത്. ജോബിയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഭക്ഷണം കഴിച്ച ശേഷം കിടക്കുകയാണെന്നാണ് ലീലാമ്മ പറഞ്ഞത്.

എന്നാല്‍ സംശയം തോന്നിയ ലാലി മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ഉടന്‍ തന്നെ അയല്‍വാസികളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയായിരുന്നു. പോലീസിനേയും വിവരമറിയിച്ചു. ഉടന്‍ തന്നെ ഫൊറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നു പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭര്‍ത്താവ് ജോര്‍ജിന്റെ മരണ ശേഷം ലീലാമ്മ മാനസിക പ്രശ്‌നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.