Saturday, April 20, 2024
HomeInternationalഡിജിറ്റല്‍ പരസ്യങ്ങൾ വെട്ടിവിഴുങ്ങി കൊഴുത്ത ഗൂഗിളിനു നേരെ ആന്റിട്രസ്റ്റ് അന്വേഷണം

ഡിജിറ്റല്‍ പരസ്യങ്ങൾ വെട്ടിവിഴുങ്ങി കൊഴുത്ത ഗൂഗിളിനു നേരെ ആന്റിട്രസ്റ്റ് അന്വേഷണം

ഗൂഗിളിന് നേരെ അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് പരിശോധന നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സ്വേച്ഛാതിപത്യ പ്രവണതകള്‍ ഉണ്ടോ എന്നറിയാന്‍ നടത്തുന്ന അന്വേഷണത്തെയാണ് ആന്റിട്രസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് വിളിക്കുന്നത്. ഇന്റര്‍നെറ്റിന്റെ വലിയൊരു ഭാഗവും അടക്കിവാഴുന്ന ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുള്ള കമ്ബനികള്‍ക്ക് തങ്ങള്‍ക്ക് ഭീഷണിയാകാവുന്ന സേവനങ്ങളെ തുടക്കത്തില്‍ തന്നെ ഞെരുക്കി കൊന്നുകളയാവുന്നതാണ്. അമേരിക്കയുടെ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന്‍ ഇത്തരത്തിലൊരു അന്വേഷണം ഗൂഗിളിനെതിരെ 2011ല്‍ നടത്തിയിരുന്നു. ആപ്പിളിന്റെ സഫാരി ബ്രൗസറില്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്ന കുക്കികള്‍ നിക്ഷേപിച്ചതിന് എതിരെയായിരുന്നു ഇത്. 22.5 ദശലക്ഷം ഡോളര്‍ പിഴയടച്ച്‌ ഗൂഗിള്‍ രക്ഷപ്പെടുകയായിരുന്നു. 2013ല്‍ ഇത്തരമൊരു അന്വേഷണം നടത്തിയെങ്കിലും അതില്‍ ഗൂഗിള്‍ ശിക്ഷിക്കപ്പെട്ടില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന്റെ പ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ കണ്ടുപിടിക്കുകയും ഏതാനും തവണയായി 9.3 ബില്ല്യന്‍ ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു. ഗൂഗിളിന്റെ സേര്‍ച്, ആന്‍ഡ്രോയിഡിനൊപ്പം നല്‍കുന്ന ആപ്പുകള്‍ തുടങ്ങിയവയൊക്കെയാണ് പ്രശ്‌നങ്ങളായി കണ്ടത്.

അതുവച്ചു നോക്കുമ്ബോള്‍ അമേരിക്കയില്‍ ഗൂഗിളിനെ കാര്യമായി ശിക്ഷിച്ചിട്ടേയില്ലെന്നു കാണാം. ലോകത്തെ ഡിജിറ്റല്‍ പരസ്യങ്ങളുടെ സിംഹഭാഗവും വെട്ടിവിഴുങ്ങി കൊഴുത്ത തിമിംഗലങ്ങളാണ് ഗൂഗിളും ഫെയ്‌സ്ബുക്കും. ഫെയ്‌സ്ബുക്കിനെതിരെ ചില നീക്കങ്ങള്‍ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നെങ്കിലും ഗൂഗിള്‍ ഒന്നുമറിയാത്തതു പോലെ തങ്ങളുടെ ചെയ്തികളുമായി മുന്നോട്ടു പോകുകയായിരുന്നു. സേര്‍ച് എന്‍ജിന്‍, ബ്രൗസര്‍, ഓപ്പറേറ്റിങ് സിസ്റ്റം, ഇമെയില്‍, യുട്യൂബ്, തുടങ്ങി നിരവധി മേഖലകളില്‍ തങ്ങളുടെ ആധിപത്യമുറപ്പിച്ച കമ്ബനിയാണ് ഗൂഗിള്‍. ഇവയെല്ലാം ഉപയോഗിച്ച്‌ ഉപയോക്താക്കളുടെ ഡേറ്റാ ശേഖരിച്ച്‌ ഓരോരുത്തരെയും ലക്ഷ്യം വച്ച്‌ പരസ്യങ്ങള്‍ കാണിക്കാനുള്ള കഴിവ് ഗൂഗിളിനുണ്ട്. ഇത് കമ്ബനി ദുരുപയോഗം ചെയ്യുന്നുവെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇപ്പോഴത്തെ ആന്റി ട്രസ്റ്റ് അന്വേഷണത്തെ ഒരു തുടക്കമായി കണ്ടാല്‍ മതി. 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സെനറ്റര്‍ എലിസബെത്ത് വോറന്‍ അടക്കമുള്ള പലരും ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള സിലിക്കന്‍ വാലി സിംഹങ്ങള്‍ക്ക് മൂക്കുകയറിടേണ്ടകാലം അതിക്രമിച്ചുവെന്ന് ശക്തമായി വാദിക്കുന്നവരാണ്. ഫെയ്‌സ്ബുക്കിനെ പോലെ പരമ്ബരാഗത സമൂഹമാധ്യമ വെബ്‌സൈറ്റ് അല്ലാതിരുന്നതു കൊണ്ട് ഗൂഗിളിലേക്ക് അത്രകണ്ട് ശ്രദ്ധ വന്നിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ആവര്‍ത്തിച്ചു വരുത്തിയിട്ടുള്ള ചില വിവാദങ്ങളുണ്ട്.

ജിമെയിലിലും ക്രോമിലും നടന്ന സ്വകാര്യത ഭഞ്ജനങ്ങള്‍, യുട്യൂബിലൂടെ പ്രചരിക്കുന്ന ഭീകരവാദികളുടെ വിഡിയോകള്‍, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന വിഡിയോകള്‍, പെന്റഗണുമൊത്ത് ഡ്രോണ്‍ പ്രൊജക്ടില്‍ പങ്കാളിയായത്, ചൈന സര്‍ക്കാര്‍ പറഞ്ഞ രീതിയില്‍ സേര്‍ച് എന്‍ജിന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത നൈതികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.
ഗൂഗിളിന്റെ പ്രവര്‍ത്തത്തിന്റെ ഏതേതു മേഖലകളാണ് അന്വേഷണ പരിധിയില്‍ വരുന്നതെന്ന് ഇപ്പോള്‍ സ്പഷ്ടമല്ല. യൂറോപ്യന്‍ യൂണിയന്റെ വഴി പിന്തുടര്‍ന്നേക്കുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയനെ പോലെയല്ലാതെ അമേരിക്ക ബിസിനസ് പ്രവര്‍ത്തനങ്ങളോട് ദാക്ഷിണ്യം കാണിക്കുന്ന രാജ്യമാണെന്നു വാദിക്കുന്നവരും ഉണ്ട്. അതാണ് ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുള്ള കമ്ബനികള്‍ക്ക് പരമ്ബരാഗത കമ്ബനികളെ പോലും നിഷ്പ്രഭമാക്കി തിമിംഗല രൂപമാര്‍ജ്ജിക്കാന്‍ സാധിച്ചതെന്ന് പറയുന്നു. അതുകൊണ്ട് ഇത്തവണയും വന്‍ പരിക്കേല്‍ക്കാതെ ഗൂഗിള്‍ മുന്നോട്ടു പോയേക്കുമെന്നു വാദിക്കുന്നവരും ഉണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments