സ്വാതന്ത്ര ദിനത്തിൽ രാജ്യത്ത് ഭീകരാക്രമണ സാധ്യത

indian flag

രാജ്യം 72ാം സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ ഒരുങ്ങവെ ശക്തമായ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.തീവ്രവാദ സംഘടനയായ ജയ്‌ശെ മുഹമ്മദിന്റെ മേധാവി മൗലാനാ മസ്‌ഊദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫ് അസ്ഗറിന്റെ അംഗരക്ഷകന്‍ ദില്ലിയിലെത്തിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. മുഫ്തിയുടെ അംഗരക്ഷകനായിരുന്ന മുഹമ്മദ് ഇബ്രാഹീം എന്ന ഇസ്മാഈല്‍ ദില്ലിയില്‍ ചാവേര്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയിട്ടുള്ളതെന്ന് രഹസ്യാന്വേഷണ സംഘം പറയുന്നു.ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തീവ്രവാദികളുടെ പദ്ധതി സംബന്ധിച്ച്‌ മാധ്യമത്തിന് വിവരം രഹസ്യമായി ലഭിച്ചിട്ടുണ്ടത്രെ. മെയ് ആദ്യത്തിലാണ് ഇബ്രാഹീം കശ്മീരിലെത്തിയത്. പിന്നീട് ദില്ലിയിലേക്ക് ഇയാള്‍ കേന്ദ്രം മാറ്റിയെന്നാണ് വിവരം. ദില്ലിയിലെ ഇവരുടെ കേഡര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് ഇബ്രാഹീമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ജെയ്‌ശെ മുഹമ്മദിന്റെ മറ്റൊരു നേതാവ് മുഹമ്മദ് ഉമര്‍ നേരത്തെ കശ്മീരിലെത്തിയിരുന്നു. ഇയാളും ഇബ്രാഹീമും ചേര്‍ന്നാണ് ആക്രമണത്തിന് പദ്ധതി ഒരുക്കുന്നത്. കശ്മീരിലെ ഇവരുടെ പ്രവര്‍ത്തകരോട് ദില്ലിയിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സംഘത്തിന് പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായമുണ്ട്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അസ്ഗറാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.