നാളെ അര്‍ധരാത്രി മുതല്‍ മോട്ടോര്‍വാഹന പണിമുടക്ക്

bus

അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കും. നാളെ അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. മാനേജ്മെന്റിന്റെ പരിഷ്‌കരണ നടപടികള്‍ക്കെതിരെ കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളും ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി നിയമം പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള മറ്റ് തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കും. ഓട്ടോ, ടാക്സി, ചരക്കു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങി പൊതുഗതാഗത ചരക്കുകടത്തു വാഹനങ്ങള്‍ ഒന്നാകെ സമരത്തില്‍ പങ്കാളികളാകും.മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പാസായാല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ പൂര്‍ണമായും തകരുമെന്ന് സമരക്കാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം നഷ്ടപ്പെടുകയും വരുമാനം ഗണ്യമായി കുറയുകയും ചെയ്യും. റോഡ് സുരക്ഷയുടെ പേരില്‍ തൊഴിലാളികളുടെ മേല്‍ കനത്ത ശിക്ഷാനടപടികള്‍ക്കും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മേഖലയിലേക്ക് ഒരു തൊഴിലാളിയും കടന്നു വരാത്ത സ്ഥിതിയായിരിക്കും നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഉണ്ടാകാന്‍ പോകുന്നതെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ്‌ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വാടകയ്ക്ക് ബസ് എടുത്ത് സര്‍വീസ് നടത്താനുള്ള തീരുമാനം, ഷെഡ്യൂള്‍ പരിഷ്‌കാരം, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ നടപടികള്‍ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ തച്ചങ്കരിയുടെ നടപടികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെന്നാണ് സൂചന. സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമേ കെഎസ്‌ആര്‍ടിസി കൂടി പണിമുടക്കുന്നതോടെ ചൊവ്വാഴ്ച ജനജീവിതം സ്തംഭിക്കുമെന്നുറപ്പായി.