Sunday, October 6, 2024
HomeNationalജമ്മു കശ്മീര്‍ വിഭജനബില്‍ രാജ്യസഭ പാസ്സാക്കി

ജമ്മു കശ്മീര്‍ വിഭജനബില്‍ രാജ്യസഭ പാസ്സാക്കി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ്രമേയവും, വിഭജന പ്രമേയവും രാജ്യസഭാ പാസ്സാക്കി.

ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. ശബ്ദവോട്ടോടെ പ്രമേയം പാസാക്കുകയും ചെയ്തു. ജമ്മു കശ്മീരിനെ കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതിൽ കശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കിൽ നിയമസഭ ഉണ്ടാവില്ല. നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന് അംഗീകാരം തേടി ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ച പ്രമേയം പാസാക്കി. 125 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമായിരുന്നു തിങ്കളാഴ്ച രാവിലെ സർക്കാരിന്റെ നിർണായക നീക്കം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നു പാക്കിസ്ഥാൻ പ്രതികരിച്ചു. സംസ്ഥാനത്തിനും രാജ്യത്തിനും അത്യന്താപേക്ഷിതമായ ചുവടുവയ്പാണെന്നു ആർഎസ്എസ് അഭിപ്രായപ്പെട്ടു. 1950ൽ ഭരണഘടന നിലവിൽ വന്നതു മുതൽ, അതിർത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിനെ എതിർത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370–ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്.

സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ ജമ്മു കശ്മീരിന് ആറു വർഷമാണ്. നിയമനിർമാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകൾക്കും പ്രത്യേക അവകാശപദവി നൽകിയിട്ടുണ്ട്. അതേസമയം, വിഭജനം തത്ക്കാലികം മാത്രമെന്നും സമാധാനം പുലര്‍ന്നുകഴിഞ്ഞാല്‍ സംസ്ഥാനപദവി തിരികെ നല്‍കുമെന്നും അമിത് ഷാ മറുപടിപ്രസംഗത്തില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments