ശ്രീറാം വെങ്കിട്ടരാമന്‍ കൊലപാതക കേസിൽ നിന്ന് തടിയൂരുമെന്ന് സൂചന

SRIRAM VENKITTARAMAN

മാധ്യമപ്രവർത്തകനെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നിന്നും ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെട്ടേക്കുമെന്ന് സൂചന. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ട്. രാസപരിശോധനാഫലം പോലീസിന് കൈമാറി.

അതേസമയം, പോലീസ് നിര്‍ദേശ പ്രകാരം ശ്രീറാമിന്റെ രക്തം ശേഖരിച്ചത് അപകടം നടന്ന് 10 മണിക്കൂറിനുശേഷമായിരുന്നു. മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ കഴിയാത്തത് ഇതുമൂലമാണെന്നാണ് ആക്ഷേപം. ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് നിലനില്‍ക്കുമോ എന്ന കാര്യവും ഇതോടെ സംശയത്തിലായി. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച്‌ പറയാതെയാണ് റിമാന്റ് റിപ്പോര്‍ട്ട്. മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളെ കുറിച്ചും ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. രക്തം പരിശോധനക്ക് അയച്ച കാര്യവും റിപ്പോര്‍ട്ടിലില്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും.

മദ്യപിച്ചും സാഹസികമായും വാഹനം ഓടിച്ചാല്‍ അപകടമുണ്ടാകുമെന്ന് അറിയാവുന്ന പ്രതിയെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. എന്നാല്‍ മദ്യപിച്ച്‌ വാഹനമോടിച്ചുവെന്ന കുറ്റം ചുമത്തിയിട്ടുമുണ്ട്. വഫ ഫിറോസില്‍ നിന്ന് നിര്‍ബന്ധപൂര്‍വമാണ് ശ്രീറാം വാഹനം വാങ്ങിയതെന്നും അമിതവേഗത്തിലാണ് ഓടിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുമുണ്ട്.