Sunday, October 6, 2024
HomeKeralaഉയരക്കുറവ് ഉയരങ്ങളിലേക്ക് കുതിക്കാനുള്ള കഴിവാക്കി മാറ്റിയ പക്രു

ഉയരക്കുറവ് ഉയരങ്ങളിലേക്ക് കുതിക്കാനുള്ള കഴിവാക്കി മാറ്റിയ പക്രു

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ നേരത്തെ തന്നെ ഇടം നേടിയ പ്രചോദനമാണ് ഗിന്നസ് പക്രു. തന്റെ ഉയരക്കുറവ് ഏറ്റവും വലിയ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള കഴിവാക്കി മാറ്റിയ ഈ കലാകാരന്‍ ഇപ്പോള്‍ ഇതാ മറ്റൊരു സുവര്‍ണ്ണ അംഗീകാരത്തിന് നിറവില്‍ എത്തിനില്‍ക്കുകയാണ്. ലോകസിനിമയിലെ ഏറ്റവും ചെറിയ നിര്‍മാതാവ് എന്ന ‘ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ്’ ഇനി ഗിന്നസ് പക്രുവിന്റെ പേരിലായിരിക്കും. പക്രുവിന്റെ ആദ്യത്തെ നിര്‍മ്മാണ സംരംഭമായ ‘ഫാന്‍സി ഡ്രസ്സ്’ എന്ന സിനിമയാണ് ഈ നേട്ടത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. തനിക്ക് ലഭിച്ച ഈ അപൂര്‍വ്വ നേട്ടം ഫാന്‍സി ഡ്രെസ്സ് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണ് പക്രു. ഗിന്നസ് പക്രു തന്നെ, നായകവേഷം കൈകാര്യം ചെയ്ത ഫാന്‍സിഡ്രസ്സ് എന്ന സിനിമ തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. കൊച്ചുകുട്ടിയായും ,കള്ളനായും രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പക്രു ഈ സിനിമയില്‍ എത്തിയിരിക്കുന്നത്. അദ്ദേഹം ഇതിനായി നടത്തിയ മേക്കോവര്‍ വൈറലായിരുന്നു.

രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്ത ഫാന്‍സി ഡ്രസ്സ്‌ എന്ന ഈ ചിത്രത്തില്‍ ഹരീഷ് കണാരന്‍-ഗിന്നസ് പക്രു ടീമിന്റെ കൗണ്ടറുകളും കോമഡി നമ്ബറുകളാണ് പ്രധാന ആകര്‍ഷണം. ഹ്യൂമര്‍ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ചിത്രം ഇടവേള കഴിയുന്നതോടെ ചെറിയൊരു ത്രില്ലര്‍ സ്വഭാവത്തിലേയ്ക്ക് മാറുന്നു. അടുത്ത നിമിഷം എന്തുസംഭവിക്കും എന്ന ആകാംക്ഷ അവസാനംവരെ നിലനിര്‍ത്തിയാണ് സിനിമ മുന്നോട്ടുപോകുന്നത്.

മുന്‍നിര താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പാഷാണം ഷാജി, കോട്ടയം പ്രദീപ്, തെസ്നി ഖാന്‍, ബിജു കുട്ടന്‍, സുധീര്‍ കരമന, ബാല തുടങ്ങിയവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍, സൗമ്യ മേനോന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരും സംഗീതം രതീഷ് വേഗയും നിര്‍വഹിച്ചിരിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments