ഒരു ലക്ഷം വീഡിയോയും 17,000ത്തോളം യൂട്യൂബ് ചാനലുകളും നീക്കം ചെയ്തു

youtube

എപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ ഒരു ലക്ഷം വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. 17,000ത്തോളം യൂട്യൂബ് ചാനലുകളും ഗൂഗിള്‍ നിയന്ത്രണത്തിലുള്ള വീഡിയോ പ്ലാറ്റ്ഫോം എടുത്തു കളഞ്ഞിട്ടുണ്ട്.

സ്വകാര്യതയുടെ പേരിലും, വിദ്വേഷ പ്രചാരണത്തിന്‍റെ പേരിലും യൂട്യൂബിലെ വീഡിയോകള്‍ക്കെതിരായ നടപടികള്‍ കാര്യക്ഷമല്ലെന്ന് പരാതി ഉയരുന്നതിനിടെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബ്ലോഗ് പോസ്റ്റിലൂടെ യൂട്യൂബ് വെളിപ്പെടുത്തിയത്.

ഇതിന് പുറനേ 500 ദശലക്ഷം കമന്‍റുകള്‍ വിദ്വേഷ പ്രചാരണത്തിന്‍റെ പേരില്‍ നീക്കം ചെയ്തു എന്നും യൂട്യൂബ് പറയുന്നു. ജൂണില്‍ യൂട്യൂബ് തങ്ങളുടെ വിദ്വേഷ പ്രചാരണ വീഡിയോകള്‍ സംബന്ധിച്ച നയം അപ്ഡേറ്റ് ചെയ്തിരുന്നു. ഇത് പ്രകാരം വര്‍ണ്ണമേധാവിത്വം, അതിക്രമങ്ങള്‍, വംശഹത്യ തുടങ്ങിയ കണ്ടന്‍റുകള്‍ ഉള്ള വീഡിയോകള്‍ കൂടുതല്‍ സൂക്ഷ്മ നിരീക്ഷണത്തിലാക്കി.

യൂട്യൂബിന്‍റെ പുതിയ നടപടിയില്‍ വര്‍ണ്ണമേധാവിത്വത്തിന് വേണ്ടി വാദിക്കുന്നു. ഏറെ കാഴ്ചക്കാര്‍ ഉണ്ടായിരുന്ന റിച്ചാര്‍ഡ‍് സ്പെന്‍സര്‍, ഡേവിഡ് ഡ്യൂക്ക് എന്നിവരുടെ അക്കൗണ്ടും പൂട്ടിപോയിട്ടുണ്ട്. അതേ സമയം ഇത്തരം കണ്ടന്‍റുകളുമായി പ്രവര്‍ത്തിക്കുന്ന 29 യൂട്യൂബ് ചാനലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നാണ് ആന്‍റി ഡിഫെമിനേഷന്‍ ലീഗ് പറയുന്നത്. ഇവ നിര്‍ത്തലാക്കിയെന്നാണ് യൂട്യൂബിന്‍റെ അവകാശവാദം. ഇതും പുതിയ വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്.

അതേ സമയം യൂട്യൂബിന്‍റെ അടിസ്ഥാന തത്വങ്ങള്‍ നിരന്തരം ലംഘിക്കുന്ന ചാനലുകളാണ് പൂട്ടിയത് എന്നാണ് യൂട്യൂബ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. അതേ സമയം യൂട്യൂബ് തുടര്‍ന്നും ഒരു ഓപ്പണ്‍ പ്ലാറ്റ്ഫോം ആയിരിക്കുമെന്ന് യൂട്യൂബ് സിഇഒ സൂസന്‍ പറഞ്ഞു. എന്നാല്‍ ഓപ്പണായിരിക്കുക എന്ന ദൗത്യം അത്ര ലഘുവായ കാര്യമല്ല.

ചില സമയം മുഖ്യധാരയ്ക്ക് വേണ്ടാത്ത എല്ലാം പ്രസിദ്ധീകരിക്കാം എന്ന ചിന്ത ഇത് ഉണ്ടാക്കും. ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും യൂട്യൂബ് സിഇഒ തങ്ങളുടെ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. എങ്കിലും ഇത്തരം പ്രശ്നങ്ങളെ ജനങ്ങളിലേക്ക് കൂടുതല്‍ വിവരങ്ങള്‍ എത്തിക്കുക എന്ന വലിയ ആശയത്തിന്‍റെ പേരില്‍ മറികടക്കണം എന്നും യൂട്യൂബ് സിഇഒ പറയുന്നു.