സാമ്പത്തിക മാന്ദ്യം വാഹന നിര്‍മാണരംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. വില്‍പ്പന കുത്തനെ കുറഞ്ഞതോടെ മാരുതി സുസുക്കി രണ്ട് നിര്‍മാണ പ്ലാന്റുകള്‍ അടച്ചിടും. ഗുരുഗ്രാമിലെയും മനേസറിലെയും കാര്‍നിര്‍മാണ പ്ലാന്റുകള്‍ രണ്ടുദിവസത്തേക്ക് അടച്ചിടാനാണ് തീരുമാനം. വാര്‍ത്ത പുറത്തുവന്നതോടെ മാരുതിയുടെ ഓഹരിമൂല്യം നാല് ശതമാനത്തിലേറെ ഇടിഞ്ഞു. ഇടത്തരം, ഹെവി വാണിജ്യവാഹനങ്ങള്‍ നിര്‍മിക്കുന്ന അശോക് ലെയ്‌ലാന്‍ഡും കടുത്ത പ്രതിസന്ധിയിലായി. കമ്ബനിയുടെ ആഗസ്‌തിലെ വില്‍പ്പന 70 ശതമാനം കുറഞ്ഞു. ഇതോടെ കമ്ബനിയുടെ ഓഹരിമൂല്യം ബുധനാഴ്‌ച ആറ് ശതമാനം ഇടിഞ്ഞു.
അടുത്ത ശനിയാഴ്‌ചയും തിങ്കളാഴ്‌ചയുമാണ് ഹരിയാനയിലെ ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകള്‍ പൂര്‍ണമായും അടച്ചിടാന്‍ മാരുതി തീരുമാനിച്ചത്. വില്‍പനമാന്ദ്യം തുടര്‍ന്നാല്‍ മറ്റ് പ്ലാന്റുകളും ഘട്ടംഘട്ടമായി അടിച്ചിടും. 2018 ആഗസ്‌തില്‍ 1,68,725 കാറ് ഉല്‍പ്പാദിച്ചപ്പോള്‍ 2019ല്‍ 1,11,370 ആയി കുറഞ്ഞു. 33.99 ശതമാനം കുറവ്.
വില്‍പ്പനയില്‍ ഈ വര്‍ഷം മൂന്നിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്‌തില്‍ 1,58,189 കാറ് വിറ്റപ്പോള്‍ ഈ ആഗസ്‌തില്‍ 1,06,413 ആയി. ആഭ്യന്തരവില്‍പ്പനയില്‍ 34.3 ശതമാനവും കയറ്റുമതിയില്‍ 10.8 ശതമാനവും കുറവുണ്ടായി.
ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആള്‍ട്ടോ, വാഗണര്‍ കാറുകളുടെ വില്‍പ്പന 71.8 ശതമാനവും സ്വിഫ്‌റ്റ്, ഇഗ്നിസ്, സെലേറിയോ, ബെലേനോ, ഡിസയര്‍ കാറുകളുടെ വില്‍പ്പന 23.9 ശതമാനവും കുറഞ്ഞു. കാര്‍വില്‍പ്പന കുറഞ്ഞതോടെ അടുത്തിടെ 3000 താല്‍ക്കാലിക ജീവനക്കാരെ മാരുതി പിരിച്ചുവിട്ടു.
അശോക് ലെയ്‌ലാന്‍ഡ് നിര്‍മിക്കുന്ന ഇടത്തരം,- ഹെവി വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ആഗസ്‌തില്‍ 11,135 ആയിരുന്നത് ഈ വര്‍ഷം 3,336 ആയി. ചെറിയ വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയാകട്ടെ 4,208ല്‍ നിന്ന് 3,711 ആയി 12 ശതമാനം ഇടിഞ്ഞു.
ലെയ്‌ലാന്‍ഡ് വാഹനങ്ങളുടെ ആകെ വില്‍പ്പന 16,628ല്‍ നിന്ന് 8,296 ആയാണ് കുറഞ്ഞത്. മറ്റ് വാഹനിര്‍മാണ കമ്ബനികളും സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണ കമ്ബനികളും കടുത്ത പ്രതിസന്ധിയിലാണ്.