തീവ്രവാദബന്ധമുണ്ടെന്നു സംശയിക്കുന്ന ദമ്പതികൾ പോലീസ് പിടിയിൽ

സംസ്ഥാനമൊട്ടാകെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്ത ഇറാന്‍ സ്വദേശികള്‍ക്ക് തീവ്രവാദബന്ധമെന്നും സംശയം. കൊല്ലം കുണ്ടറയ്ക്കടുത്ത് ചന്ദനത്തോപ്പില്‍നിന്ന് പിടിയിലായ ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ നേപ്പാള്‍വഴി പാകിസ്ഥാനിലേക്ക് കടന്നതായും നിഗമനം.

ഇറാന്‍ സ്വദേശികളായ അമീര്‍ ( 27), ഇയാളുടെ ഭാര്യ നസര്‍ ( 22) എന്നിരെയാണ് പണം തട്ടിപ്പിന് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് പാകിസ്ഥാന്‍ ബന്ധത്തെക്കുറിച്ച്‌ പോലീസിന് സംശയം ജനിക്കുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ നേപ്പാള്‍വഴി പാകിസ്ഥാനിലേക്കു കടന്നെന്ന വിവരം ലഭിച്ചതും ഇവരില്‍ നിന്നാണ്.

ഇറാന്‍ സ്വദേശികള്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് ഡല്‍ഹി എയര്‍പോര്‍ട്ടിലാണ്. ഇവിടെനിന്ന് ചെന്നൈയിലെത്തിയശേഷമാണ് കേരളത്തിലേക്കു വന്നത്. ഇവര്‍ മുന്‍പും പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായി പോലിസിന് രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പാകിസ്ഥാന്‍ വിസയുണ്ടെന്നും പോലിസിന് അറിവുലഭിച്ചതായാണ് സൂചന.

കുണ്ടറയില്‍ ആറംഗസംഘത്തിലെ രണ്ടുപേര്‍ പിടിയിലായതോടെ മറ്റുനാലുപേര്‍ നേപ്പാള്‍ വഴി പാകിസ്ഥാനിലേക്ക് കടന്നതായാണ് പോലിസ് കരുതുന്നത്. ഇതോടെ തട്ടിപ്പുസംഘത്തിന്റെ തീവ്രവാദബന്ധവും അന്വേഷണ വിധേയമാക്കുകയാണ്.

ഇറാന്‍ സ്വദേശികളുടെ യാത്രാരേഖകളില്‍നിന്നും താമസിച്ച സ്ഥലങ്ങളിലെ രേഖകളില്‍നിന്നുമാണ് പാകിസ്ഥാന്‍ബന്ധം സംശയിക്കുന്ന തെളിവുകള്‍ ലഭിച്ചത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ദമ്ബതികളെ ചോദ്യംചെയ്തതായി പോലിസ് അറിയിച്ചു.

ചന്ദനത്തോപ്പില്‍ ഇവര്‍ തട്ടിപ്പുനടത്തിയ യാസിം ട്രേഡേഴ്‌സും സമീപത്ത് ഇവര്‍ കയറിയ കടയിലും തുടര്‍ന്ന് കൊല്ലത്ത് താമസിച്ചിരുന്ന ലോഡ്ജിലേക്കും കൊണ്ടുപോയി തെളിവെടുത്തു. ഇറാന്‍ എംബസിയുയി ബന്ധപ്പെടുന്നതിനുള്ള സാധ്യതകളും പോലീസ് തേടുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച്‌ ഏഴിന് കേരളം സന്ദര്‍ശിച്ച ജര്‍മ്മന്‍ പൗര ലിസ പിന്നീട് അപ്രത്യക്ഷയായിരുന്നു. ഇവരുടെ തിരോധാനത്തിലെ ദുരൂഹതയും ഇറാന്‍ സ്വദേശികളുടെ പാകിസ്ഥാന്‍സന്ദര്‍ശനവും ഓരേസമയത്താണ് നടന്നിരിക്കുന്നത്.

ലിസ പാകിസ്ഥാനിലേക്ക് കടന്നിരിക്കാമെന്ന സാധ്യതയും അന്വേഷിക്കേണ്ടതുണ്ടെന്ന് പോലിസ് കരുതുന്നു. ലിസയുടെ സന്ദര്‍ശനവും ഐ.ബി. അന്വേഷിച്ചുവരികയാണ്. ലിസയ്ക്ക് ഇറാന്‍ സ്വദേശികളുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. അമീറിനെയും നസറിനെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ഇവരെ ആലപ്പുഴ പോലിസ് കസ്റ്റഡിയില്‍വാങ്ങുമെന്നറിയുന്നു.