കേരളത്തിന്റെ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് നാളെ അധികാരമേല്‍ക്കും

arif kerala governer

നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെത്തി. ഇന്നുരാവിലെ തിരുവനന്തപുരത്തെത്തിയ ആരിഫ് മുഹമ്മദ് ഖാന് ഹൃദ്യമായ സ്വീകരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ബാലന്‍, കെ ടി ജലീല്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മന്ത്രിമാരുമായി സംസാരിച്ചശേഷം നിയുക്ത ഗവര്‍ണര്‍ രാജ്ഭവനിലേക്ക് തിരിച്ചു.നാളെ രാവിലെ 11.30ന് കേരളത്തിന്റെ 22ാമത്തെ ഗവര്‍ണറായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലി കൊടുക്കും. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍കേന്ദ്രമന്ത്രി കൂടിയാണ്. ജസ്റ്റീസ് പി സദാശിവം കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനെ പുതിയ ഗവര്‍ണറായി നിയമിച്ചത്. പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി സദാശിവം ഇന്നലെ കേരളത്തില്‍ നിന്നും മടങ്ങിയിരുന്നു. അതേസമയം പുതിയ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത് വരെ സാങ്കേതികമായി സദാശിവം തന്നെയാണ് കേരളത്തിന്റെ ഗവര്‍ണര്‍. ഇന്നലെ രാജ്ഭവനില്‍ സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പിനുശേഷം വൈകീട്ട് അഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് സദാശിവം ചെന്നൈയിലേക്കു പോയത്. എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയായില്‍ പോലിസ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചായിരുന്നു മടക്കം. തമിഴ്‌നാട് ഈറോഡ് സ്വദേശിയാണ് അദ്ദേഹം. സദാശിവത്തെയും ഭാര്യ സരസ്വതി സദാശിവത്തെയും യാത്രയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മന്ത്രിമാരായ എ കെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി, കെ ടി ജലീല്‍, ചീഫ് സെക്രട്ടറി ടോംജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.