Thursday, April 25, 2024
HomeNationalരാമസേതു യാഥാര്‍ഥ്യമാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച വീഡിയോ കള്ളത്തരമോ ?

രാമസേതു യാഥാര്‍ഥ്യമാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച വീഡിയോ കള്ളത്തരമോ ?

കുറച്ചു ദിവസങ്ങളായി ട്വിറ്ററില്‍ ട്രെന്‍ഡിങ് രാമസേതുവിലൂടെ ജനങ്ങള്‍ നടക്കുന്നതെന്നു പറയുന്ന വീഡിയോയാണ്. ശ്രീരാമന്‍ ലങ്കയിലേക്ക് പോകാനായി നിര്‍മിച്ചത് എന്ന് രാമായണത്തില്‍ പറയുന്ന രാമസേതു. രാമസേതു വെറുമൊരു ഐതിഹ്യമല്ലെന്നും യാഥാര്‍ഥ്യമാണെന്നും അവകാശപ്പെട്ട് ജനങ്ങള്‍ കടലിന് നടുവിലൂടെയുള്ള മണ്‍തിട്ടയിലൂടെ നടക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റ് എന്നവകാശപ്പെടുന്ന രവി രഞ്ജന്‍ എന്നയാള്‍ ട്വിറ്റര്‍ വീഡിയോ ഷെയര്‍ ചെയ്ത് കുറിച്ചത് ഇങ്ങനെയാണ്. ‘കടലിന് നടുവിലൂടെയുള്ള രാമസേതുവിലൂടെ ജനങ്ങള്‍ നടക്കുന്നത് കാണുക. രാമസേതുവിനെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കാന്‍ നിയമയുദ്ധം നടത്തുന്ന സുബ്രമണ്യം സ്വാമിക്ക് നന്ദി.’ കുറഞ്ഞ സമയം കൊണ്ട് 16000 തവണയാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്യപ്പെട്ടത്.മൂവായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു. 35000 ല്‍ കൂടുതല്‍ ആളുകള്‍ ഇത് കണ്ടുകഴിഞ്ഞു. എന്നാല്‍ കേരളത്തിലെ പൊന്നാനി ബീച്ചിലെ വീഡിയോയാണ് രാമസേതു എന്നു പറഞ്ഞ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. പൊന്നാന്നി ബീച്ചില്‍ കടലിന് മുകളിലൂടെ രൂപപ്പെട്ട ഒരു കിലോമീറ്ററോളം നീളമുള്ള ഈ മണ്‍തിട്ട കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിലൂടെ നടക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകളാണ് ആ സമയത്ത് ഇവിടെ എത്തിയത്. ഫോട്ടോഗ്രാഫറായ അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യമാണ് പ്രചരിക്കുന്നത്.

രഞ്ജന്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ഉള്ള വാട്ടര്‍മാര്‍ക്കില്‍ നിന്ന് അഭിലാഷ് എന്ന വ്യക്തിയാണ് ഈ ദൃശ്യം ചിത്രീകരിച്ചത് എന്ന് വ്യക്തമാണ്. മലയാളിയായ അഭിലാഷിന്റെ ഫോണ്‍ നമ്ബറും വാട്ടര്‍മാര്‍ക്കിലുണ്ട്. അതു വഴി വന്ന ഹിന്ദിയിലും തെലുങ്കിലും ഉള്ള അന്വേഷണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്ത അഭിലാഷ് അത് രാമസേതു അല്ല പൊന്നാന്നി ബീച്ചാണെന്ന് പറഞ്ഞ് പോസ്റ്റ് ഇടുകയായിരുന്നു. വാട്സ്‌ആപ്പ് വഴിയാണ് തനിക്ക് ഈ വീഡിയോ ലഭിച്ചതെന്നാണ് രഞ്ജന്‍ പറയുന്നത്. ഇതിനു പുറമെ മറ്റ് നിരവധി ട്വിറ്റര്‍ ഐഡികളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ട്വിറ്ററിന് പുറമെ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും രാമസേതു എന്ന പേരില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments