ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ തയ്യാറാക്കിയ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്കെതിരെ ഒറ്റയാൻ

sbi atm

ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ തയ്യാറാക്കിയ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിനു സമീപം ഒറ്റയാൻ പ്രതിഷേധം നടത്തി. എസ് ബി എെ മാനേജ്മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഒറ്റയാള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ് ബി എെയില്‍ നിന്നും ഇന്ത്യാവിരുദ്ധ പോസ്റ്റര്‍ പുറത്തിറക്കിയത് സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണം.കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം രാജ്യവ്യാപകമായി എടിഎമ്മുകളില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടും ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും ദുരൂഹമാണ്. പാക്കിസ്ഥാന്റെ ഭാഗത്ത് ഉള്‍പ്പെടുത്തിയ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കാന്‍ പാക്കിസ്ഥാന്റെ ഒൗദ്യോഗിക പതാകയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. സാധാരണക്കാരായ ആളുകള്‍ ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ പതിപ്പിച്ചാല്‍ ഉടനടി നടപടിയെടുക്കുന്ന അധികൃതര്‍ സംഭവം പുറത്തുവന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത് ഇരട്ട നീതിയാണെന്ന് ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം പുറത്തിറക്കിയ പരസ്യ ബോര്‍ഡില്‍ കാശ്മീരിനെ ഒഴിവാക്കി ചിത്രീകരിച്ചതിനു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നു. കേരളാ പോലീസിനു പരാതി നല്‍കിയിട്ടു ഒരാഴ്ച കഴിഞ്ഞെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കാനും തീരുമാനിച്ചു.