Sunday, October 6, 2024
HomeCrimeവർഷങ്ങളായി മൂടി കിടന്ന ആറ് പേരുടെ മരണം;മൂന്നു പേർ അറസ്റ്റിൽ, കൊലപാതകം ആട്ടിൻസൂപ്പിൽ സയനൈഡ്...

വർഷങ്ങളായി മൂടി കിടന്ന ആറ് പേരുടെ മരണം;മൂന്നു പേർ അറസ്റ്റിൽ, കൊലപാതകം ആട്ടിൻസൂപ്പിൽ സയനൈഡ് കലർത്തി

വർഷങ്ങളായി മൂടി കിടന്ന ആറ് പേരുടെ മരണം വീണ്ടും ചർച്ചയാകുകയും പ്രതിയെന്ന് സംശയിക്കുന്ന ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയുമാണ്.കൂടത്തായി കൊലപാതക പരമ്പരയിൽ മൂന്ന് പേർ അറസ്റ്റിലായിരിക്കുകയാണ് .

മുഖ്യപ്രതി ജോളി, സയനൈഡ് എത്തിച്ചു നൽകിയ സ്വർണപണിക്കാരനായ മാത്യു, മാത്യുവിന്റെ കടയിലെ ജീവനക്കാരൻ പ്രജുകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തിരുന്നു.

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തള്ളി ഷാജു തന്നെ രംഗത്തെത്തിയിരുന്നു.

ജോളിയെ ഷാജു തള്ളിപറയുകയും ചെയ്തു. ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ ഷാജു തെളിവ് ശക്തമെങ്കിൽ ജോളി തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുമെന്നും പറഞ്ഞു.അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാം. തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ഷാജു പറഞ്ഞു.

ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലൊന്നും താൻ ഇടപെടാറില്ല. അത്തരം കാര്യങ്ങൾ ജോളി ഒറ്റക്കാണ് നടത്തിയിരുന്നത്. വക്കീലിനെ കാണാൻ ആണെങ്കിലും അവർ അവരുടേതായ രീതിയിലാണ് പോയിരുന്നത്. ചില സമയങ്ങളിൽ മകൻ കൂടെ പോകാറുണ്ട്. സ്വത്ത് കാര്യങ്ങളിലൊന്നും താൻ ഇടപെടുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല.

ജോളിക്ക് ജനിതക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ഷാജു പറഞ്ഞു.ബന്ധുക്കളുടെ ഉൾപ്പെടെ മരണത്തിൽ സംശയം തോന്നിയിരുന്നു. മറ്റ് ചിലരും മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടിയിരുന്നു. ജോളിയും റോയിയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് ജോളിയെ വിവാഹം ചെയ്തതെന്നും ഷാജു പറഞ്ഞു.

പന്ത്രണ്ട് വർഷത്തെ ഇടവേളയിൽ നടന്ന ആറ് പേരുടെ മരണത്തിൽ അന്വേഷണം ജോളിയിലേക്ക് എത്തിയത് എങ്ങനെ?
കൂടത്തായിയിൽ മരണപ്പെട്ട റോയിയുടെ സഹോദരൻ റോജോയുടെ ഇടപെടലാണ് കേസ് വീണ്ടും ഉയർന്നുവരാനും അന്വേഷണം ശരിയായ ദിശയിൽ നീങ്ങാനും ഇടയായത്. അമേരിക്കയിൽ നിന്ന് കഴിഞ്ഞ മാസമാണ് റോജോ നാട്ടിലെത്തിയത്.

താമരശേരി പൊലീസിൽ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ മരണങ്ങളുടെയെല്ലാം വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്ന് ഈ വിവരങ്ങളും തന്റെ സംശയങ്ങളും ഉൾപ്പെടെ ചേർത്ത് റൂറൽ എസ്പിക്ക് റോജോ പരാതി നൽകി. വടകര എസ്പിയായി കെ ജി സൈമൺ ചാർജ് എടുത്തതോടെ കേസിന് വീണ്ടും ജീവൻവച്ചു. പല ഭാഗങ്ങളിലായി ചിതറിക്കിടന്ന തെളിവുകളെ ഒരുമിച്ച് ചേർത്തുള്ള അന്വേഷണമാണ് പിന്നീട് നടന്നത്. ഇത് എത്തിനിൽക്കുന്നതാകട്ടെ ജോളിയിലും.


ജോളിയുടെ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്.

ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. സിലിയുടെ ഭർത്താവ് ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.


ആട്ടിൻസൂപ്പിൽ സയനൈഡ് ചേർത്താണ് റോയിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുൻപ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം വ്യാജ ഒസ്യത്തെഴുതി കുടുംബത്തിന്റെ സ്വത്ത് മുഴുവൻ ജോളി കൈക്കലാക്കിയിരുന്നു. ഇതിൽ രണ്ടേക്കർ ഭൂമി വിറ്റു. ഇതിന്റെ പണം ചെലവാക്കിയ ഘട്ടത്തിലാണ് ബന്ധുക്കൾക്ക് ഉൾപ്പെടെ ജോളിയുടെ ഇടപെടലിൽ സംശയമുണ്ടായത്. പിന്നീട് താൻ ആഗ്രഹിച്ച പോലെ ഷാജുവിനെ ജോളി വിവാഹം കഴിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments