Friday, April 19, 2024
HomeCrimeഎംബിബിഎസ് പരീക്ഷയിൽ കോപ്പിയടി;വിശദമായ അന്വേഷണം ആരംഭിച്ചു

എംബിബിഎസ് പരീക്ഷയിൽ കോപ്പിയടി;വിശദമായ അന്വേഷണം ആരംഭിച്ചു

എംബിബിഎസ് പരീക്ഷയിൽ കോപ്പിയടി നടന്നതായി ബോധ്യപ്പെട്ടതോടെ ആരോഗ്യ സർവകലാശാല വിശദമായ അന്വേഷണം ആരംഭിച്ചു. ജൂലൈ, ആഗസ്ത് മാസങ്ങളിലായി നടന്ന അവസാനവർഷ പാർട്ട് വൺ പരീക്ഷയിൽ സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിൽ കോപ്പിയടി നടന്നതായാണ് കണ്ടെത്തൽ.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യ സർവകലാശാല സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. പരീക്ഷാ കൺട്രോളർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി നാലാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർക്ക് നൽകും.

കോപ്പിയടി കണ്ടെത്തിയ ആലപ്പുഴ, എറണാകുളം ഗവ. മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരം എസ്.യു.ടി, കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ് സ്വാശ്രയ മെഡിക്കൽ കോളജുകളുടെയും അധികൃതർ ആകെ ആറു വിദ്യാർത്ഥികളുടെ പേരുവിരങ്ങളാണ് സർവകലാശാലയ്ക്ക് കൈമാറിയത്.എന്നാൽ കൂടുതൽ പേർ കോപ്പയടിച്ചിട്ടുണ്ടെന്നാണ് സർവകലാശാല അധികൃതരുടെ കണക്കുകൂട്ടൽ.

കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തിൽ അഞ്ചു കോളേജുകളുടെയും ഫലം തടഞ്ഞുവച്ചിരുന്നു. കോളജ് അധികൃതർ കോപ്പിയടിച്ച ആറ് പേരുടെ ലിസ്റ്റ് നൽകിയതോടെ ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. കൂടുതൽ പേർ കോപ്പിയടിച്ചതായി കണ്ടെത്തിയാൽ ഗവേണിംഗ് കൗൺസിൽ ചേർന്ന് കർശന നടപടികൾ സ്വീകരിക്കും.

കോളജ് അധികൃതർ നൽകിയ ലിസ്റ്റിലുള്ള ആറ് പേർ ഡീബാറിംഗ് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും. പാർട്ട് വൺ പരീക്ഷയ്ക്ക് പിന്നാലെ ഈ കോളജുകളിലെ ചില വിദ്യാർത്ഥികളാണ് സർവകലാശാലയ്ക്ക് പരാതി നൽകിയത്. പരാതി ലഭിച്ച കോളജുകളിലെ ദൃശ്യങ്ങൾ സർവകലാശാലാ സമിതി പരിശോധിച്ചതോടെയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments