യാത്രാ ദുരിതവുമായി അയ്യപ്പന്മാർ മടങ്ങുന്നു

Sabarimala

ത്രിവേണിയിലേക്ക് നിലയ്ക്കൽ ബോർഡിൽ ഓരോ ബസുവരുമ്പോഴും പിന്നാലെ ഓടുകയാണ് അയ്യപ്പന്മാർ. തൊട്ടടുത്താണ് ഒന്നു നിർത്തുന്നതെങ്കിൽ അടുത്തത് വളരെ അകലെയാണ്. അതിനടുത്തത് അതിനും അപ്പുറമായിരിക്കും. ഓടി അവിടെ ചെല്ലുമ്പോഴേക്കും സീറ്റില്ലെന്നു മാത്രമല്ല നിൽക്കാൻ പോലും ഇടമില്ല. പിന്നെ എങ്ങനെ കയറിപ്പറ്റും. ദർശനം കഴിഞ്ഞു മലയിറങ്ങുന്ന അയ്യപ്പന്മാർ അടിസ്ഥാന താവളമായ നിലയ്ക്കൽ എത്താൻ കഷ്ടപ്പെടുന്നതിന്റെ ഏകദേശ രൂപമാണിത്.∙ നിലയ്ക്കൽ ബസിൽ കയറാൻ പറ്റുന്നതു ഭാഗ്യംകൊണ്ടു മാത്രമാണ്. സീറ്റുകിട്ടുന്നത് അയ്യപ്പ സ്വാമിയുടെ കടാക്ഷവും. അല്ലെങ്കിൽ ഒന്നുകിൽ സ്റ്റാൻഡ് വരെ നടക്കണം. അല്ലെങ്കിൽ കെഎസ്ആർടിസിയുടെ ബസ് സ്റ്റാൻഡ്- ത്രിവേണി സർക്കുലറിൽ കയറി സ്റ്റാൻഡിൽ ഇറങ്ങണം. എന്നിട്ടു വേണം നിലയ്ക്കൽ ബസിൽ കയറാൻ. എങ്കിൽ സീറ്റ് കിട്ടും. ഇതിനു കഴിയാത്തവരാണ് ത്രിവേണിയിൽ കഷ്ടപ്പെടുന്നത്. ചെയിൻ സർവീസിനായി കെഎസ്ആർടിസി 103 ബസാണ് ക്രമീകരിച്ചിരിക്കുന്നത്. ലോഫ്ലോർ നോൺ എസി ബസുകളാണ് ഇതിൽ കൂടുതൽ. ബാക്കി ഫാസ്റ്റ് പാസഞ്ചർ ബസുകളാണ്. ലോഫ്ലോർ നോൺ എസി ബസുകളിൽ വേഗത്തിൽ കയറാനും ഇറങ്ങാനും കഴിയും. നിൽക്കാൻ കൂടുതൽ സ്ഥലവുമുണ്ട്.മിനിറ്റിൽ രണ്ടു ബസുകൾ∙ മിനിറ്റിൽ രണ്ടും മൂന്നും ബസുകളാണ് ത്രിവേണിയിലേക്ക് അയയ്ക്കുന്നത്. പക്ഷേ, സ്റ്റാൻഡിൽ നിന്നുതന്നെ സീറ്റ് നിറഞ്ഞാണ് ഇവ വരുന്നത്. അല്ലെങ്കിൽ ത്രിവേണിയിൽ എത്തുന്നതിനു മുൻപേ തിങ്ങിനിറഞ്ഞ് അയ്യപ്പന്മാർ ബസിൽ കയറിയിരിക്കും. ത്രിവേണി പെട്രോൾ പമ്പിന് എതിർവശത്തു കാത്തുനിൽക്കുന്നവർക്ക് കയറാൻ പറ്റാത്ത അവസ്ഥയുമുണ്ട്.