പമ്പയെ സംരക്ഷിക്കാന്‍ ഗ്രീന്‍ ഗാര്‍ഡ്‌സ് പ്രവര്‍ത്തനം തുടങ്ങി

ഗ്രീന്‍ ഗാര്‍ഡ്‌സിനുള്ള യൂണിഫോം വിതരണ ഉദ്ഘാടനം ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്‍.എസ്.കെ ഉമേഷ് നിര്‍വഹിക്കുന്നു.

ശബരീശ ദര്‍ശനത്തിനായി പമ്പയിലെത്തുന്ന തീര്‍ത്ഥാടകരെ കഴിഞ്ഞവര്‍ഷത്തേപ്പോലെ ഇത്തവണയും സ്വാഗതം ചെയ്യുന്നത് ശരണം വിളികള്‍ക്കൊപ്പം നീണ്ട വിസിലടികള്‍ കൂടിയാണ്. പമ്പാ സ്‌നാനഘട്ടത്തില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഗാര്‍ഡ്‌സാണ് ഈ വിസിലടികളുടെ പിറകില്‍. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിശുദ്ധിസേനാ അംഗങ്ങളാണ് ഇത്തവണ ഗ്രീന്‍ ഗാര്‍ഡ്‌സായി പ്രവര്‍ത്തിക്കുന്നത്.  പുണ്യനദിയായ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജില്ലാ ഭരണകൂടം നടത്തുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഗ്രീന്‍ ഗാര്‍ഡ്‌സിനെ പമ്പാതീരത്ത്  വിന്യസിച്ചിരുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 24  ഗ്രീന്‍ ഗാര്‍ഡ്‌സുകളെയാണ് ഇത്തവണ പമ്പാ സ്‌നാനഘട്ടത്തില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.  പമ്പയില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ ഗാര്‍ഡ്‌സിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും യൂണിഫോം വിതരണവും ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്‍.എസ്.കെ ഉമേഷ് നിര്‍വഹിച്ചു. പമ്പാ ഡ്യൂട്ടി മജിസ്‌ട്രേറ്റ് എന്‍.കെ കൃപ, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന്‍ ജെയിംസ് വര്‍ഗീസ്, ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് സി.ഇ.ഒ: എം.ക്രിസ്റ്റഫര്‍, മറ്റ് ഉദ്യോഗസ്ഥര്‍, വിശുദ്ധിസേനാ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തീര്‍ത്ഥാടന കാലയളവില്‍ ഗ്രീന്‍ ഗാര്‍ഡ്‌സിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി പമ്പാനദിയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങളുടെ അളവ് പകുതിയോളം കുറഞ്ഞിട്ടുണ്ട്. പമ്പാനദിയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കരുതെന്നും ശബരിമലയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്നുമുള്ള സന്ദേശങ്ങള്‍ അഞ്ച് ഭാഷകളില്‍ ആലേഖനം ചെയ്ത പോക്കറ്റ് കാര്‍ഡും ഇതേ സന്ദേശങ്ങള്‍ അടങ്ങിയ തുണിസഞ്ചിയും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പ്, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് നല്‍കുന്നുണ്ട്.