തൃക്കരിപ്പൂർ: മെട്ടമ്മലിനടുത്ത് വയലോടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടിയിലെ കൊടക്കൽ കൃഷ്ണന്റെയും മർണാടിയൻ അമ്മിണിയുടെയും മകൻ മർണാടിയൻ പ്രിജേഷി (32) നെയാണ് മരിച്ച നിലയിൽ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്.
പ്രജേഷിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരകമായി പരിക്കേറ്റിട്ടുണ്ട്. ബൈക്കിനടുത്ത് ചെളിപുരണ്ട നിലയിലാണ് മൃതദേഹം. കൈകൾ നെഞ്ചിൽ മടക്കി വെച്ച നിലയിലാണുള്ളത്.
പയ്യന്നൂരിലെ ലഘുപാനീയ കമ്പനിയുടെ വിതരണക്കാരനും ഡ്രൈവറുമായി ജോലി ചെയ്തു വരികയിരുന്നു. ഇന്നലെ രാത്രി ഒൻപതോടെ വീട്ടിൽ നിന്നുപയ്യന്നൂരിലേക്ക് ഇറങ്ങിയതായി വീട്ടുകാർ പറഞ്ഞു.
ഫോൺ വിളി വന്ന ശേഷമാണ് വീട്ടിൽ നിന്നു പോയതായി ബന്ധുക്കൾ പറയുന്നത്. ഇന്ന് പുലർച്ചെ അതുവഴി വന്ന ബന്ധുവാണ് പ്രിജേഷ് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത്.
സാധാരണ ബൈക്കെടുത്ത് വരുന്ന വഴിയിലല്ല ബൈക്കും മൃതദേഹവും കിടക്കുന്ന നിലയിൽ കണ്ടത്. ഇത് മരണത്തിൽ ദുരൂഹത കൂട്ടുകയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ, ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണൻ, എസ്ഐ എം.വി.ശ്രീദാസ് എന്നിവർ സ്ഥലത്തെത്തി.
വിരലടയാള വിദഗ്ധരും വയലോടിയിലെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.