കൊച്ചി: തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായ വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ എംപി.
കാക്കനാട് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികൾ ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല.
പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും ശശി തരൂർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ.
ഇതുവരെ അതുണ്ടാവാത്തതിൽ ദുഃഖമുണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു.കോട്ടയത്തെ യൂത്ത് കോണ്ഗ്രസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും തരൂർ മറുപടി നൽകി.
കോട്ടയത്തെ പരിപാടിക്ക് എല്ലാവരെയും അറിയിച്ചിട്ടാണ് താൻ പോയതെന്ന് തരൂർ ആവർത്തിച്ചു.