സംസ്ഥാനത്തെ കുടിയന്മാരുടെ ഒരു പ്രധാന പരാതിയാണ് വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്നത്. ആകെയുള്ള ജവാന് ആകട്ടെ മിക്കവാറും സ്ഥലങ്ങളില്‍ ഔട്ട് ഓഫ് സ്റ്റോക്കും.
ഇതേത്തുടര്‍ന്നാണ് ജവാന് റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോഴിതാ അഷ്ടിയ്ക്കു വകയില്ലാത്ത കുടിയന്മാര്ക്കായി സര്‍ക്കാരിന്റെ സ്വന്തം ബ്രാണ്ടി എത്തുകയാണ്.
വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക.
പുതിയ ബ്രാണ്ടിയുടെ ഉല്പാദനത്തിനാവശ്യമായ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു. പാലക്കാട് മേനോന്‍പാറയിലാണ് മലബാര്‍ ഡിസ്റ്റിലറീസ്.
പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ട്ലിംഗ് പ്ലാന്റ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ ഇത്തവണത്തെ ഓണത്തിന് മലബാര്‍ ബ്രാണ്ടി വിപണിയിലെത്തും.
ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകേണ്ടത്. ആദ്യഘട്ടത്തില്‍ 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാല്‍ കോടി അനുവദിച്ചിട്ടുണ്ട്.
കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. ഉല്പാദനത്തിനാവശ്യമായ വെള്ളം വാട്ടര്‍ അഥോറിറ്റിയാണ് വിതരണം ചെയ്യുക.
പ്രതിദിനം 65,000 ലിറ്റര്‍ ജലമാണ് ആദ്യഘട്ടത്തില്‍ ആവശ്യം. പദ്ധതിക്കായി ചിറ്റൂര്‍ മൂങ്കില്‍മടയില്‍ നിന്നുമാണ് വെള്ളമെത്തിക്കുക.
ഇതിനായി വാട്ടര്‍ അഥോറിറ്റി പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതി സ്ഥലത്ത് കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് വലിയ തോതില്‍ ജലചൂഷണം നടത്തുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറയുന്നു.
കുഴല്‍ കിണറില്‍ നിന്നും ലഭിക്കുന്ന വെള്ളത്തില്‍ അയഡിന്‍ അംശം കൂടുതലാണെന്നും അത് മദ്യം ഉല്പാദിപ്പാക്കാന് യോഗ്യമല്ലെന്നും ഇവര്‍ പറയുന്നു.
2002 ല്‍ അടച്ചു പൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയാണ് മലബാര്‍ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കര്‍ സ്ഥലമാണ് ഇവിടെയുള്ളത്.
മദ്യ ഉല്പാദനം ആരംഭിക്കുന്നതോടെ 250 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു. വില കുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചും സര്‍ക്കാര്‍ മേഖലയില്‍ മദ്യത്തിന്റെ ഉത്പാദനം കൂട്ടാനും ലക്ഷ്യമിട്ടാണ് മലബാര്‍ ബ്രാന്‍ഡിയുടെ നിര്‍മ്മാണം.
നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്പാദിപ്പിക്കുന്ന ജവാന് റമ്മാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏക മദ്യം