Thursday, March 28, 2024
HomeKeralaവൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്

വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്

വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്

ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്. തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
മരട് ബിടിഎച്ച് സരോവരം ഹോട്ടലിലെ നിറഞ്ഞ സദസ്സിനുമുന്നിലായിരുന്നു വീണാവാദനം. സംഗീതസംവിധായകന്‍ വിദ്യാധരന്‍ പരിപാടി ഉദ്ഘാടനംചെയ്തു. തിരുവറ്റിയൂര്‍ ത്യാഗയ്യയുടെ ശഹാനാ രാഗത്തിലുള്ള ‘കരുണിംബാ….’ എന്ന വര്‍ണമാണ് ആദ്യമായി ഒറ്റക്കമ്പിയില്‍നിന്ന് ഉതിര്‍ന്നുവീണത്. പിന്നാലെ, ത്യാഗരാജകൃതി ‘ശ്രീഗണനാദം….’. പൊന്നയ്യാ പിള്ളയുടെയും ഡോ. ബാലമുരളീകൃഷ്ണയുടെയും സ്വാതിതിരുനാളിന്റെയും കൃതികളും പിന്നാലെയെത്തി.

അഞ്ചു മണിക്കൂറില്‍ 51 ഗാനങ്ങള്‍ ലക്ഷ്യമിട്ട് ആരംഭിച്ച സംഗീതവിരുന്ന്

കര്‍ണാടകസംഗീതത്തിനുപിന്നാലെ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും ഗായത്രീവീണയിലൂടെ വിജയലക്ഷ്മി വായിച്ചു. അഞ്ചു മണിക്കൂറില്‍ 51 ഗാനങ്ങള്‍ ലക്ഷ്യമിട്ട് ആരംഭിച്ച സംഗീതവിരുന്ന് അവസാനിച്ചത് അറുപത്തിയേഴാമത്തെ ഗാനത്തില്‍. ശങ്കരാഭരണത്തിലെ ‘ശങ്കരാ…’ പാടി അവസാനിപ്പിക്കുമ്പോഴാണ് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ കേരള പ്രതിനിധി സുനില്‍ ജോസഫ് വിജയലക്ഷ്മിയുടെ റെക്കോഡ്പ്രവേശം അറിയിച്ചത്. സദസ്സ് നിറഞ്ഞ കൈയടിയോടെയാണ് വിജയം ആഘോഷിച്ചത്.

ഗായത്രീവീണയില്‍ അഗാധമായ കഴിവുള്ള വിജയലക്ഷ്മി

ഒരുമണിക്കൂറിനിടയ്ക്ക് അഞ്ചു മിനിറ്റുമാത്രമായിരുന്നു വിശ്രമം. ഒരു തന്ത്രിയില്‍ ഒരു ശ്രുതിയില്‍ ട്യൂണ്‍ചെയ്തിരിക്കുന്ന ഗായത്രീവീണയില്‍ വ്യത്യസ്ത ശ്രുതിയിലുള്ള ഗാനങ്ങള്‍ വായിക്കുന്ന ഏക ഗായികയാണ് വിജയലക്ഷ്മി. ഇഷ്ടഗായികയുടെ റെക്കോഡ്പ്രവേശം കാണാനെത്തിയ സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ ഭാര്‍ഗവീനിലയത്തിലെ ‘താമസമെന്തേ വരുവാന്‍….’ എന്ന ഗാനത്തിന് മൃദംഗം വായിച്ചത് സദസ്സിന് അസുലഭ‘അനുഭവമായി. ഗായത്രീവീണയില്‍ അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോഡ്നേട്ടത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം എം ജയചന്ദ്രന്‍ പങ്കുവയ്ക്കുകയുംചെയ്തു.

ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്

സംഗീതവിരുന്നിന്റെ ആദ്യാവസാനം മകള്‍ക്കു കരുത്തേകി അച്ഛന്‍ വി മുരളീധരനും അമ്മ വിമലയും ഉണ്ടായിരുന്നു. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍, കേന്ദ്ര നിര്‍വാഹകസമിതിയംഗം ബിനോയ് വിശ്വം, സംഗീതസംവിധായകന്‍ വിദ്യാധരന്‍ എന്നിവര്‍ ചേര്‍ന്നാണ് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ (യുആര്‍എഫ്) ലോക റെക്കോര്‍ഡ് അംഗീകാരം കൈമാറിയത്. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ക്കുവേണ്ടിയും ഇതിന്റെ വീഡിയോ ദൃശ്യം സമര്‍പ്പിക്കും.
ഇരുപത്തെട്ടു മണിക്കൂര്‍ ഓടക്കുഴല്‍ വായിച്ച് റെക്കോഡ് നേടിയ മുരളി നാരായണന്‍, പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ ആനന്ദ് കൃഷ്ണ, സെന്തില്‍ കുഴല്‍മന്ദം, ഹരിദാസ് എറവക്കാട് എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments