പീഡനക്കേസിലെ ഇടപെടൽ: വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു

0
48

ശിശുക്ഷേമസമിതിക്കെതിരെ നടപടി

വൈദികൻ പ്രതിയായ പീഡനക്കേസിലെ ഇടപെടലാണ് കാരണം ശിശുക്ഷേമസമിതിക്കെതിരെ നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു. ഫാ.തോമസ് ജാസഫ് തേരകത്തേയും സമിതി അംഗം സിസ്റ്റർ ബെറ്റി ജോസിനേയും സർക്കാർ പുറത്താക്കി. മൂന്ന് അംഗങ്ങളെ മാറ്റിനിർത്തി. തേരകത്തെ പുറത്താക്കുമെന്ന് മന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടാതെ അദ്ദേഹത്തെ മാനന്തവാടി രൂപതാ വക്താവു സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. കോഴിക്കോട് ശിശുക്ഷേമ സമിതിക്കു വയനാടിന്റെ ചുമതല നൽകി. വൈദികൻ പ്രതിയായ കേസിലെ ഇടപെടലാണു കാരണം.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാം പ്രതി ഫാ. റോബിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി ആവശ്യപ്പെട്ടാണു തലശേരി അഡീഷനല്‍ ജില്ലാ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ബുധനാഴ്ച വാദം കേള്‍ക്കും. കുഞ്ഞിന്‍റെയും ഫാ.റോബിന്‍റെയും രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം ഫാദറിനെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

കേസിലെ മൂന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളും എട്ടാം പ്രതിയും തലശേരി അഡീഷനല്‍ ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ആശുപത്രിയിലെ ഡോക്ടറും മൂന്നാം പ്രതിയുമായി സിസ്റ്റർ ടെസി ജോസ്, നാലാം പ്രതി ഡോ.ഹൈദരാലി, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റർ ആന്‍സി മരിയ, വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലെ സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ എന്നിവരാണു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.