ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പിയുടെ വെബ്‌സൈറ്റ് ഇനിയും തിരിച്ചുവരാത്ത സാഹചര്യത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. നിങ്ങള്‍ക്ക് തിരിച്ചുവരുന്നതിന് സഹായം നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ പരിഹസിക്കുന്നത്. എത്രയും പെട്ടെന്ന് തിരികെ വരുമെന്നാണ് ഇന്നലെ മുതല്‍ വെബ്‌പേജില്‍ അറിയിക്കുന്നത്. എന്നാല്‍ വെബ്‌സൈറ്റ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. നിങ്ങള്‍ കുറേ നേരമായി പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ടു. തിരിച്ചു വരുന്നതിന് നിങ്ങള്‍ സഹായം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സന്തോഷത്തോടെ അതിന് തയ്യാറാണെന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. ഹാക്കിംഗ് ശ്രമത്തെ തുടര്‍ന്ന് ബിജെപിയുടെ വെബ്‌സൈറ്റ് ഡൗണായിരുന്നു. സൈറ്റ് ചൊവ്വാഴ്ച രാവിലെയോടെ മെയ്ന്റനന്‍സ് മോഡിലേയ്ക്ക് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു മീം ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മോദി ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഗൗനിക്കാതെ നടന്നുപോകുന്ന വീഡിയോയും പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് തങ്ങള്‍ ഉടന്‍ തിരിച്ചുവരുമെന്ന അറിയിപ്പ് പേജില്‍ കാണാനായത്. വെബ്‌സൈറ്റ് വരാന്‍ വൈകിയതോടെ ട്രോളന്മാരും രംഗത്തെത്തിയിരുന്നു. ബിജെപിയെ പരിഹസിച്ച് നിരവധി ട്രോളുകളും പ്രചരിച്ചു. ഇന്നലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിവ്യസ്പന്ദനയും പരിഹാസവുമായി രംഗത്തെത്തിയിരുന്നു.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം ശക്തമായിരിക്കുന്നതിന് ഇടയിലാണ് ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. പാകിസ്താനി ഹാക്കര്‍മാര്‍ 90 ഗവണ്‍മെന്റ് വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുഎസിലടക്കം പല രാജ്യങ്ങളിലും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് കിട്ടുന്നില്ല. ഇന്ത്യ പാകിസ്താനെതിരെ സൈബര്‍ ആക്രണം നടത്തുന്നതായി പാകിസ്താന്‍ ഫോറിന്‍ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസല്‍ ആരോപിച്ചു.
ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പി വെബ്‌സൈറ്റ്; പരിഹാസവുമായി കോണ്‍ഗ്രസ്
RELATED ARTICLES