Saturday, April 20, 2024
HomeKeralaമൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ല; ക്ലാസെടുത്തു, ജനം കയ്യടിച്ചു: വിശദീകരിച്ച് ഗോവിന്ദൻ

മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ല; ക്ലാസെടുത്തു, ജനം കയ്യടിച്ചു: വിശദീകരിച്ച് ഗോവിന്ദൻ

തൃശൂർ ∙ ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഞാൻ ശരിയായിട്ട് പറയുകയും ചെയ്തു. നിങ്ങൾ ഇമ്മാതിരി വാർത്തകൾ ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ ഇന്ന് പുനരാരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘എന്താണ് സംഭവിച്ചതെന്ന് പറയാം. ഞാൻ ഇങ്ങനെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. സാധാരണ ഗതിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് ഇടപെട്ടാലും എനിക്ക് വിഷമമുണ്ടാകാറില്ല. ചോദ്യങ്ങളെല്ലാം ചോദിച്ച് അതിനു മറുപടിയൊക്കെ പറഞ്ഞ് പ്രസംഗിക്കുന്നതാണ് എന്റെ രീതി. പണ്ടേ അങ്ങനെയാണ്. ഇപ്പോൾ തുടങ്ങിയതൊന്നുമല്ല. ജാഥയ്ക്ക് വന്നതുകൊണ്ടുമല്ല. പ്രസംഗത്തിനിടെ ഒരു പ്രാവശ്യം വന്ന് അയാൾ മൈക്ക് ശരിയാക്കി. അവിടെനിന്ന് പോയശേഷം വീണ്ടും വന്ന് ഒന്നുകൂടി മൈക്ക് ശരിയാക്കി. എന്നിട്ട് അയാൾ എന്നോടു പറയുകയാണ്, അടുത്തുനിന്ന് സംസാരിക്കണമെന്ന്. അടുത്തുനിന്ന് സംസാരിക്കണമെന്നു പറഞ്ഞ് ആ മൈക്ക് ഓപ്പറേറ്റർ എന്നെ പഠിപ്പിക്കാൻ വരികയാണ്.’ – ഗോവിന്ദൻ വിശദീകരിച്ചു. ‘‘അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ അടുത്തു നിൽക്കാത്തതല്ല പ്രശ്നം. ഒരുപാടു സാധനങ്ങളുണ്ടിവിടെ. ആ സാധനമെല്ലാം കൊണ്ടുവച്ച് കൃത്യമായി, ശാസ്ത്രീയമായിട്ട് തയാറാക്കാൻ പറ്റിയിട്ടില്ല. അതാണ് പ്രശ്നം. എന്നിട്ട് അതിനെക്കുറിച്ച് ഞാൻ പൊതുയോഗത്തിൽ വിശദീകരിക്കുകയും ചെയ്തു. അപ്പോൾ ഞാൻ ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചെല്ലാം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിൽ പ്രാപ്തിയില്ലാത്തതിന്റെ ഫലമായിട്ടാണ് ആ സംഭവമുണ്ടായത് എന്ന് ചൂണ്ടിക്കാട്ടി. ജനങ്ങൾ കയ്യടിക്കുകയും ചെയ്തു’ – ഗോവിന്ദൻ പറഞ്ഞു.

ഇന്നലെ നടന്നത്

‘‘മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നിൽ നിൽക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണം. അവിടുന്നും ഇവിടുന്നും ചിലർ ശബ്ദമില്ലെന്നു പറയുമ്പോൾ വേഗം വന്ന് മൈക്കിന് അടുത്തുനിന്ന് പറയണമെന്നാണ്. ഇതാണ് ഞാൻ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങൾ വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള മുഴുവൻ ആളുകൾക്കും കേൾക്കാൻ കഴിയും.’ – ഗോവിന്ദൻ വേദിയിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments